ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ ജീവനക്കാരില്ല; എസ്.എ.ടി ആശുപത്രിയില്‍ പ്രതിഷേധം

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ ജീവനക്കാരില്ലാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇത് രോഗികളെയും ബന്ധുക്കളെയും ഒരുപോലെ ദുരിതത്തിലാക്കി. പുരുഷന്മാര്‍ക്ക് പ്രവേശ നിയന്ത്രണമുള്ള ആശുപത്രിയില്‍ ഉള്ളിലുള്ള രോഗികളുമായും കൂട്ടിരിപ്പുകാരുമായും പുറത്തുള്ള ബന്ധുക്കള്‍ ബന്ധപ്പെടുന്നത് ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ സഹായത്തോടെയാണ്. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരായ സ്ത്രീകളുടെ പ്രവേശപാസ് വിതരണം, പുതുക്കല്‍, കളഞ്ഞുപോയ പാസുകള്‍ക്ക് പകരം ഡൂപ്ളിക്കേറ്റ് അനുവദിക്കല്‍ എന്നിവക്ക് പുറമെ ചികിത്സയിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്താലുള്ള തുടര്‍ നടപടിക്രമങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വഴിയാണ് നടക്കുക. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആള്‍ മുന്നറിയിപ്പൊന്നും ഇല്ലാതെ മുങ്ങിയത്. ഇതോടെ രോഗികളും ബന്ധുക്കളുമടക്കമുള്ളവര്‍ വലഞ്ഞു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനുമായാണ് ഇവിടെ ഇത്തരത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിട്ടുള്ളത്. ആറ് ജീവനക്കാരാണ് ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ മാറിമാറി വിവിധ ഷിഫ്റ്റുകളില്‍ ഇവിടെ ജോലി ചെയ്യുന്നത്. എന്നാല്‍, ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നര മുതല്‍ നാലരവരെ ഒരൊറ്റ ജീവനക്കാരനും ഇല്ലാതിരുന്നത് പരക്കെ പ്രതിഷേധത്തിന് വഴിയൊരുക്കി. ജനം ഇന്‍ഫര്‍മേഷന്‍ സെന്‍ററിന് മുന്നില്‍ തടിച്ചുകൂടിയതോടെ പ്രശ്നം വഷളായി. തുടര്‍ന്ന് വൈകീട്ട് നാലരയോടെ ഇവിടെ ജീവനക്കാര്‍ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.