തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് പട്രോളിങ് നടത്തുന്നതിനിടെ ഗ്രേഡ് എസ്.ഐക്കും ഡ്രൈവര്‍ക്കുംനേരെ ആക്രമണം. വണ്ടികളില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവളം വെള്ളാര്‍ പ്രകാശ്ഭവനില്‍ ആല്‍ബി എന്ന രാഹുലാണ് (22) പിടിയിലായത്. ആക്രമണത്തില്‍ പരിക്കേറ്റ ഗ്രേഡ് എസ്.ഐ ജയരാജന്‍, ഡ്രൈവര്‍ അനില്‍ തമ്പി എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ കാരുണ്യ ഫാര്‍മസിക്ക് സമീപമാണ് സംഭവം. നൈറ്റ് ഓഫിസറായ ജയരാജന്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തില്‍ മൂന്ന് യുവാക്കളെ കണ്ടു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ രാഹുലിന്‍െറ കൈകളില്‍ രൂക്ഷമായ പെട്രോള്‍ഗന്ധം അനുഭവപ്പെട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിമറഞ്ഞു. ഓടാന്‍ ശ്രമിച്ച രാഹുലിനെ തടയുന്നതിനിടെയായിരുന്നു ആക്രമണം. ചോദ്യം ചെയ്യലില്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റാന്‍ എത്തിയതാണെന്ന് പ്രതി സമ്മതിച്ചു. ദേഹപരിശോധനയില്‍ ഇയാളില്‍നിന്ന് ഒരു കഠാരയും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.