തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പൊലീസ് സ്റ്റേഷനുകള്‍ പലതും ‘പരിധിക്ക്’ പുറത്താണ്...! പരാതിനല്‍കാന്‍ ചെന്നാല്‍ രസീതും ലഭിക്കില്ല. ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമല്ലാത്തതാണ് പ്രശ്നം. നടപടിയെടുക്കേണ്ട അധികൃതരാകട്ടെ ബി.എസ്.എന്‍.എല്ലിനെ പഴിചാരി നാളുകള്‍ തള്ളിനീക്കുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഉടന്‍ ഇടപെടലുണ്ടായില്ളെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. പൂന്തുറ, പേട്ട, വഞ്ചിയൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ മിക്കപ്പോഴും ഫോണ്‍ വിളിച്ചാല്‍ ലഭിക്കാറില്ല. ട്രാഫിക്സ്റ്റേഷനിലും ഇതുതന്നെയാണ് സ്ഥിതി. മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പോയിട്ട് ദിവസങ്ങളായി. ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ‘ഐ ആപ്സ്’ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്‍റര്‍നെറ്റ് കൂടിയേ തീരൂ. ഇത് പ്രവര്‍ത്തിച്ചില്ളെങ്കില്‍ പരാതിക്കാര്‍ക്ക് രസീത് ലഭിക്കില്ല. ഇതുലഭ്യമായാല്‍ മാത്രമേ നല്‍കിയ പരാതിക്ക് തെളിവുണ്ടാകൂ. ചിലപ്പോള്‍ കേസുകള്‍ തന്നെ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. സോഫ്റ്റ്വെയര്‍ നടപ്പാക്കിയശേഷം രസീത് എഴുതി നല്‍കരുതെന്നാണ് ഉന്നതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കേസ് സംബന്ധിയായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിന്‍െറ (സി.സി.ടി.എന്‍.എസ്) പ്രവര്‍ത്തനത്തെയും സാങ്കേതികതകരാര്‍ ബാധിക്കുന്നു. എഫ്.ഐ.ആര്‍, ജി.ഡി ബുക് എന്നിവ കൃത്യമായി രേഖപ്പെടുത്താനാകുന്നില്ല. സാങ്കേതികതകരാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ പലയിടങ്ങളിലും ബില്ലടക്കാത്തതിനെ തുടര്‍ന്ന് ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ കട്ടാക്കുമെന്ന് അറിയിപ്പ് വന്നിരിക്കുകയാണ്. അതേസമയം, സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ പിഴവുകാരണമാണ് ബില്ലടക്കല്‍ വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.