തേവലക്കര: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫോട്ടോ എടുക്കാനായി എത്തിയ നാട്ടുകാര്‍ മണിക്കൂറുകള്‍ വലഞ്ഞു. കാത്തുനിന്ന് മുഷിഞ്ഞിട്ടും ഫോട്ടോ എടുക്കാന്‍ കഴിയാതായതോടെ ഫോട്ടോയെടുപ്പ് കേന്ദ്രത്തില്‍ സംഘര്‍ഷവും അരങ്ങേറി. തേവലക്കര ഗ്രാമപഞ്ചായത്തിലെ നാല്, ഒമ്പത്, 10 വാര്‍ഡുകളിലെ ഫോട്ടോയെടുപ്പ് മുള്ളിക്കാല എസ്.ഐ.എല്‍.പി സ്കൂളിലാണ് മൂന്ന് ദിവസമായി നടക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ എത്തുമെങ്കിലും ജീവനക്കാര്‍ വരുന്നത് 11കഴിഞ്ഞാണ്. ആകെയുള്ളതാകട്ടെ ഒരു കമ്പ്യൂട്ടറും. മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ കേടായതോടെ ഫോട്ടോയെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്ന് വാര്‍ഡിലെ ആളുകള്‍ എത്തിയെങ്കിലും ആവശ്യത്തിന് സജ്ജീകരണങ്ങള്‍ ഇല്ലാത്തതുകാരണം പ്രതിസന്ധിയിലായി. കനത്ത വെയിലേറ്റ് പ്രായമായ പലരും കുഴഞ്ഞുവീണതോടെ നാട്ടുകാര്‍ പ്രകോപിതരായി. മതിയായ സംവിധാനം ഒരുക്കിയിട്ട് ഫോട്ടോ എടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വൈകീട്ടും പ്രശ്നം പരിഹരിച്ചില്ല. കൂടുതല്‍ കമ്പ്യൂട്ടര്‍ എത്തിച്ച് ഫോട്ടോയെടുപ്പ് ജോലികള്‍ തീര്‍ക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.