ഉയിര്‍പ്പിന്‍െറ സ്മരണയില്‍ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

തിരുവനന്തപുരം: ലോകനന്മക്ക് കുരിശേറി മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍െറ സ്മരണപുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു. പ്രാര്‍ഥനയും ത്യാഗവും നിറഞ്ഞ 50 ദിവസം നീണ്ട വലിയനോമ്പിനും ഇതോടെസമാപ്തിയായി. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പ്രത്യേക പ്രാര്‍ഥനകളും ഉയിര്‍പ്പിന്‍െറ തിരുകര്‍മങ്ങളും നടന്നു. പ്രാര്‍ഥനകള്‍ക്കും തിരുകര്‍മങ്ങള്‍ക്കും ശേഷം മധുര പലഹാരങ്ങളും കേക്കുകളും വിതരണം ചെയ്തു. വിശ്വാസികള്‍ വീടുകളില്‍ സ്നേഹ വിരുന്നും ഒരുക്കി. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ഞായറാഴ്ച രാവിലെ ഏഴിനും എട്ടരക്കും വൈകീട്ട് അഞ്ചിനും ദിവ്യബലി നടന്നു. ശനിയാഴ്ച രാത്രി നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച് ബിഷപ് ഡോ.എം. സൂസപാക്യം നേത്വത്വം നല്‍കി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ആറരക്ക് കുര്‍ബാന നടന്നു. ശനിയാഴ്ച രാത്രി നടന്ന ഉയിര്‍പ്പ് ശുശ്രൂഷക്കും കുര്‍ബാനക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ നേത്വത്വം നല്‍കി. പാളയം സെന്‍റ്ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുലര്‍ച്ചെ മൂന്നരക്കാണ് ഉയിര്‍പ്പ് ശുശ്രൂഷയും ഈസ്റ്റര്‍ കുര്‍ബാനയും നടന്നു. വികാരി തോമസ് ടി. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. പുന്നന്‍റോഡ് സെന്‍റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഉയിര്‍പ്പ് തിരുകര്‍മങ്ങളുടെ ഭാഗമായി സമൂഹബലിയും തിരുനാള്‍ പ്രദക്ഷിണവും നടന്നു. വികാരി ജനറല്‍ ഡോ. മാണി പുതിയിടം നേത്വത്വം നല്‍കി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ ഏഴരക്കും പത്തരക്കും വൈകീട്ട് അഞ്ചിനും ദിവ്യബലി ചടങ്ങുകള്‍ നടന്നു. പാളയം സമാധാന രാജ്ഞി ബസിലിക്കയിലെ ഉയിര്‍പ്പ് ശുശ്രൂഷയും കുര്‍ബാനയും ശനിയാഴ്ച രാത്രി നടന്നു. പാളയം സി.എസ്.ഐ ചര്‍ച്ചില്‍ രാവിലെ ആറരക്കും എട്ടരക്കും പത്തരക്കും ആരാധനയും വൈകീട്ട് ആറിന് ഈസ്റ്റര്‍ ഗാനസന്ധ്യയും നടന്നു. പേരൂര്‍ക്കട തെക്കന്‍ പരുമല സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വലിയപള്ളി, പാറ്റൂര്‍ സെന്‍റ് തോമസ് മാര്‍ത്തോമാ പള്ളി, വട്ടിയൂര്‍ക്കാവ് സെന്‍റ് ഫ്രാന്‍സിസ് ഡീ സാലസ് പള്ളി, നാലാഞ്ചിറ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ ദേവാലയം, കിള്ളിപ്പാലം സെന്‍റ് ജൂഡ് ദേവാലയം, തൈക്കാട് പരലോകമാതാ ദേവാലയം, പനവിള സിറ്റി ലൂഥറന്‍ ചര്‍ച്ച് , പേട്ട പള്ളിമുക്ക് സെന്‍റ് ആന്‍സ് ഫൊറോന പള്ളി തുടങ്ങിയിടങ്ങളിലും ഈസ്റ്റര്‍ ശുശ്രൂഷകളും പ്രാര്‍ഥനകളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.