അതിര്‍ത്തിയിലെ സിനിമാ തിയറ്ററുകളില്‍ നികുതി വെട്ടിപ്പെന്ന്

പാറശ്ശാല: അതിര്‍ത്തിയിലെ സിനിമാതിയറ്റുകളില്‍ വിനോദനികുതി വെട്ടിപ്പെന്ന് പരാതി. ഈ ഇനത്തില്‍ പഞ്ചായത്തിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണെന്നാണ് കണക്ക്. ആറ് എ ക്ളാസും ഒരു സി ക്ളാസും അടക്കം ഏഴോളം തിയറ്റര്‍ പ്രവര്‍ത്തിക്കുന്ന പാറശ്ശാല പഞ്ചായത്ത് പരിധിയില്‍ വന്‍ തുകയുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു. എ ക്ളാസ് അടക്കം ഏഴ് തിയറ്ററിലായി 1950 ഓളം സീറ്റുകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി 29 വരെ കാലയളവില്‍ പാറശ്ശാല പഞ്ചായത്തിന് നികുതിയായി ലഭിച്ചത് 83,000 രൂപ മാത്രമാണ്. 90 രൂപയാണ് എ ക്ളാസ് തിയറ്ററിലെ ടിക്കറ്റ് നിരക്ക്. അഞ്ച് രൂപയോളം സര്‍ചാര്‍ജ് കിഴിച്ച് 15 ശതമാനമാണ് തിയറ്ററുകള്‍ നല്‍കേണ്ടത്. വിനോദനികുതി മൂന്ന് ഷോകളിലായി ദിവസം ശരാശരി 700 ടിക്കറ്റ് വിറ്റാല്‍പോലും സര്‍ചാര്‍ജ് കിഴിച്ച് 50,500 വരെ കലക്ഷന്‍ ലഭിക്കും. ഇത്രയും തുകയുടെ 15 ശതമാനം നികുതി കണക്കാക്കിയാല്‍ ഒരു ദിവസം പഞ്ചായത്തിന് ലഭിക്കേണ്ടത് ഒമ്പതിനായിരത്തോളം രൂപയാണ്. റിലീസ് ചിത്രങ്ങള്‍ എത്തുന്ന തിയറ്ററുകള്‍ പലതിലും ദിവസവും നാല് ഷോവരെ നടത്തുന്നുണ്ട്. ചുരുങ്ങിയ കണക്കില്‍ പോലും 11 മാസത്തേക്ക് 30 ലക്ഷത്തിലധികം രൂപയുടെ സ്ഥാനത്ത് 3,83,000 രൂപയുടെ കണക്കുകള്‍ വന്‍ പൊരുത്തക്കേടാണ് വ്യക്തമാക്കുന്നത്. പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്ന തിയറ്ററുകളില്‍ വില്‍പനയുടെ നാലിലൊന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആണെന്നിരിക്കെ ഓണ്‍ലൈന്‍ വില്‍പന ശ്രദ്ധയില്‍പെട്ടില്ളെന്ന ഉദ്യോഗസ്ഥരുടെ മറുപടിയും അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് ഓഫിസില്‍നിന്ന് നികുതിയടച്ച് സീല്‍ ചെയ്ത് നല്‍കുന്ന ടിക്കറ്റുകള്‍ മാത്രമേ തിയറ്ററുകളില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം. എന്നാല്‍, നാമമാത്രമായ ടിക്കറ്റുകള്‍ സീല്‍ ചെയ്ത് വാങ്ങിയശേഷം സ്വന്തം നിലയില്‍ ടിക്കറ്റ് വില്‍പന നടത്തുകയാണെന്ന് അംഗങ്ങള്‍ പറയുന്നു. അടുത്തിടെ സംസ്ഥാന അതിര്‍ത്തിക്കുസമീപം പ്രവര്‍ത്തിക്കുന്ന ഒരു എ ക്ളാസ് തിയറ്ററില്‍നിന്ന് ഒരു പഞ്ചായത്ത് ഭാരവാഹിക്ക് നല്‍കിയത് സീല്‍ ഇല്ലാത്ത ടിക്കറ്റ് ആയിരുന്നു. മെച്ചപ്പെട്ടനിലയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളിലെ ഈ കള്ളക്കളി ഉദ്യോഗസ്ഥര്‍ക്കുതന്നെ അറിയാമെന്നിരിക്കെ ഇവര്‍ നടപടിയെടുക്കുന്നില്ല. അതിനിടെ പ്രശ്നം അന്വേഷിക്കാന്‍ ഭരണസമിതി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.