ബാലരാമപുരം: കൂലിവര്‍ധിപ്പിക്കണമെന്നും കൈത്തറി തൊഴിലാളികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ബാലരാമപുരത്തെ പാക്കളങ്ങളിലെ തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ സമരത്തില്‍. 30ലേറെ പാക്കളങ്ങളിലെ 200ലേറെ തൊഴിലാളികളാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി. കുഴിനൂല്‍ കോര്‍ത്തുകെട്ടി നനച്ച് ചവിട്ടി പാകപ്പെടുത്തി അരിപ്പശ പിടിപ്പിച്ച് എണ്ണതടവി ഉണക്കി പാവാക്കി കൈത്തറി വസ്ത്രത്തിന് അനുയോജ്യമായ നൂലാക്കി തൊഴിലാളികള്‍ മാറ്റുന്നു. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കല്‍ വൈകീട്ട് മൂന്ന് വരെ നീളും. ദിവസം മൂന്ന് പാവുമാത്രമേ ഒരു കളത്തില്‍ ഉണക്കുവാന്‍ കഴിയുകയുള്ളൂ. ഒരാള്‍ക്ക് 250 മുതല്‍ 350 രൂപവരെ കൂലി. എന്നാല്‍, ഇവരെ കൈത്തറി തൊഴിലാളികളായി അഗീകരിച്ചിട്ടില്ലാത്തതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യവും ലഭിക്കാറില്ല. കൂലിക്കുറവും തൊഴിലിലെ അനിശ്ചിത ഭാവിയും കാരണം പുതിയ തലമുറയിലെ ആള്‍ക്കാര്‍ മറ്റ് ജോലി തേടിപോകുകയാണ്. 150ലെറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്ത് ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. കൈത്തറി മേഖലയെ പുനരുദ്ധരിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും ജില്ലയിലെ നെയ്ത്തുതൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അതേസമയം, നെയ്ത്തുമായി ബന്ധമില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.