കല്ലറ: നാട്ടുകാരും അധ്യാപകരും ഒരേ മനസ്സോടെ കൈകോര്‍ത്തപ്പോള്‍ കല്ലറ ഗവ. വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒരേക്കറിലേറെ സ്ഥലം സ്വന്തമായി. 3000ത്തിലധികം കുട്ടികള്‍ പഠിക്കുന്ന ശതാബ്ദി പിന്നിട്ട സ്കൂള്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ പ്രശ്നപരിഹാരത്തിനായി നാട്ടുകാരും പി.ടി.എയും അധികാരകേന്ദ്രങ്ങളില്‍ പലയാവര്‍ത്തിമുട്ടിയിട്ടും ഫലംകണ്ടില്ല. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ തന്നെ മുന്നിട്ടിറങ്ങിയത്. സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കല്ലറ കവലയില്‍നിന്ന് അര കിലോമീറ്റര്‍ മാറി വെള്ളംകുടിയിലാണ് ഒരേക്കര്‍ പതിനൊന്നുസെന്‍റ് സ്ഥലം വാങ്ങിയത്. ഇതിനായി 54ലക്ഷം രൂപ ചെലവിട്ടു. സ്കൂള്‍ ശതാബ്ദി ആഘോഷകമ്മിറ്റിടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ നാട്ടുകാരില്‍നിന്നും പൂര്‍വവിദ്യാര്‍ഥികളില്‍നിന്നും മറ്റും പണം കണ്ടത്തെി. എന്നിട്ടും തികയാതെ വന്നത് അധ്യാപകര്‍ തങ്ങളുടെ സാലറിസര്‍ട്ടിഫിക്കറ്റ്, കൈവശമുള്ള സ്വര്‍ണം എന്നിവയൊക്കെ പണയപ്പെടുത്തി കണ്ടത്തെി. വസ്തുവാങ്ങിയയിനത്തില്‍ 20ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് ഒരേക്കര്‍ 15 സെന്‍റിലാണ്. മൂന്നുനിലയുള്ള കെട്ടിടം ഉള്‍പ്പെടെ ഏഴു കെട്ടിടത്തിലായി എല്‍.കെ.ജി മുതല്‍ വോക്കേഷനല്‍ ഹയര്‍സെക്കന്‍റഡറിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലം ഒരുക്കുന്നതിനോ മറ്റ് ഭൗതിക സാഹചര്യങ്ങള്‍ നല്‍കുന്നതിനോ കഴിഞ്ഞിരുന്നില്ല. പുതുതായി വാങ്ങിയസ്ഥലത്ത് കെട്ടിടം പണിതാല്‍ വി.എച്ച്.എസ്.സി വിഭാഗം ഇവിടേക്ക് മാറ്റാമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍. എന്നാല്‍ ഇതിന് സര്‍ക്കാര്‍ സഹായം ഉണ്ടായേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.