കൊതുക് സാന്ദ്രത വര്‍ധിക്കുന്നു; ‘സിക’ ഭീഷണി തലസ്ഥാനത്തും

തിരുവനന്തപുരം: കൊതുകുജന്യ വൈറസ് ബാധയായ സിക തലസ്ഥാനത്തേക്കും പടരുമെന്ന് ആശങ്കയുള്ളതായി ആരോഗ്യവകുപ്പ്. ജില്ലയില്‍ ഈഡിസ് കൊതുകളുടെ സാന്ദ്രത വര്‍ധിക്കുന്നതും ഇതിനനുസരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ എങ്ങുമത്തൊത്തതുമാണ് വിദേശരാജ്യങ്ങളില്‍ ഉദ്ഭവിച്ച സിക വൈറസുകള്‍ കേരളത്തിലും പടരാമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ‘സിക’യെ നിരീക്ഷിക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ പ്രത്യേക പരിശോധനാ സെല്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനി, മലമ്പനി, ചെള്ളുപനി, എന്നിവ കൂടുതലായും കണ്ടുവരുന്നത് നഗരപ്രദേശങ്ങളിലാണ്. ഏപ്രിലോടുകൂടി വേനല്‍മഴ ആരംഭിക്കുമെന്നതിനാല്‍ സികയെ പ്രതിരോധിക്കാനുള്ള നടപടി എത്രയും വേഗം ആരംഭിക്കേണ്ടതുണ്ടെന്ന നിര്‍ദേശമാണ് ജില്ലാ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും നഗരസഭാമേയര്‍ക്കും വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭക്ക് കീഴിലുള്ള വാര്‍ഡുകളാണ് പകര്‍ച്ചവ്യാധികളടക്കം മാരകരോഗഭീഷണി നേരിടുന്ന കേന്ദ്രങ്ങള്‍. പലയിടങ്ങളിലും മാലിന്യം നീക്കം ചെയ്യാത്തതും ഓടകളും കിണറുകളും വൃത്തിയാക്കാത്തതുമാണ് ആരോഗ്യവകുപ്പിന് തലവേദനയാകുന്നത്. 2015ല്‍ ജില്ലയില്‍ 988 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 331ഉം നഗരസഭാ പരിധിയിലാണ്. 2016ല്‍ ഡെങ്കിപ്പനി പിടിപെട്ടവരില്‍ 115 പേരില്‍ 58 പേരും നഗരസഭക്കുള്ളിലാണ്. 2016ല്‍ എലിപ്പനി ബാധിതരില്‍ 30 ശതമാനം പേരും ചെള്ളുപനി ബാധിതരില്‍ 157ല്‍ 23 പേരും നഗരസഭക്കുള്ളിലുള്ളവരാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളെയും കൊതുകുജന്യരോഗങ്ങളെയും നിയന്ത്രിക്കാന്‍ നഗരപ്രദേശത്തെ മുഴുവന്‍ വാര്‍ഡുകളും കേന്ദ്രീകരിച്ച് ഊര്‍ജിത ഉറവിട നശീകരണങ്ങള്‍ക്ക് തുടക്കമിടാനാണ് ആരോഗ്യവകുപ്പിന്‍െറ തീരുമാനം. ഇതിന്‍െറ ഭാഗമായി ഈമാസം 21 മുതല്‍ 26 വരെ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും പരിസര ശുചീകരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. പ്രത്യേക പരിശീലനം നേടിയ ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍. 28 മുതല്‍ 31 വരെ ആരോഗ്യസന്ദേശയാത്ര സംഘടിപ്പിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥരായ രാജശേഖരന്‍, ഡി. ശശി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.