ഹര്‍ത്താല്‍: പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ചില്ല; പ്രതിഷേധിച്ച് അംഗങ്ങളുടെ ഉപരോധം

പൂവാര്‍: ഹര്‍ത്താല്‍ ദിവസം പഞ്ചായത്ത് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ ഓഫിസ് ഉപരോധിച്ചു. പൂവാര്‍ പഞ്ചായത്തിലായിരുന്നു ബുധനാഴ്ച അംഗങ്ങളുടെ പ്രതിഷേധം. പഞ്ചായത്തിലെ രണ്ട് ബി.ജെ.പി അംഗങ്ങള്‍ ഒഴികെ ഭരണകക്ഷിയിലെയും കോണ്‍ഗ്രസിലെയും അംഗങ്ങള്‍ ഉപരോധത്തില്‍ പങ്കെടുത്തു. ജില്ലയില്‍ ചൊവ്വാഴ്ച ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് പൂവാര്‍ പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ചില്ല. ചില ജീവനക്കാര്‍ എത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ ആവശ്യപ്പെട്ടതിനാല്‍ ജീവനക്കാര്‍ ഓഫിസ് പൂട്ടുകയായിരുന്നു. ഇതാണ് പഞ്ചായത്ത് ഭരിക്കുന്ന ഇടതു അംഗങ്ങളെ ഉള്‍പ്പെടെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് അജിതകുമാരിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ജീവനക്കാര്‍ക്കെതിരെ പഞ്ചായത്ത് പടിക്കല്‍ ഉപരോധം നടത്തി. ഹര്‍ത്താല്‍ അനുകൂലികള്‍ എത്തിയപ്പോള്‍ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്ന വിവരം സെക്രട്ടറി പൊലീസിനെയോ പഞ്ചായത്ത് പ്രസിഡന്‍റിനെയോ അറിയിച്ചില്ളെന്നും അംഗങ്ങള്‍ പറഞ്ഞു. സെക്രട്ടറി ഓഫിസ് പൂട്ടുമ്പോള്‍ കെട്ടിട നികുതി പിരിക്കാന്‍ രണ്ട് ഉദ്യോഗസ്ഥര്‍ പോയിരുന്നെന്നും ഇവര്‍ തിരികെ എത്തും മുമ്പാണ് ഓഫിസ് പൂട്ടിയതെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. വൈകീട്ട് 4.30 വരെ നീണ്ട ഉപരോധം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അവസാനിച്ചത്. എന്നാല്‍, ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുവാദം വാങ്ങിയാണ് ഓഫിസ് പൂട്ടിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.