ജിയോളജി വകുപ്പിന്‍െറയും മണ്ണുമാഫിയയുടെയും ഒത്തുകളി മറനീക്കുന്നു

കഴക്കൂട്ടം: പോത്തന്‍കോട് എസ്.ഐക്ക് നേരെയുണ്ടായ ആക്രമണം വിവാദമായതോടെ മണ്ണുമാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളി മറനീക്കുന്നു. സര്‍ക്കാറിന് കോടികളുടെ നഷ്ടം ഉണ്ടാക്കുന്നവിധത്തിലുള്ള ഒത്തുകളിയാണ് ഇരുവിഭാഗവും ചേര്‍ന്ന് നടത്തുന്നത്. ജില്ലയിലെ ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. പാസ് നല്‍കിക്കഴിഞ്ഞാല്‍ ഇടക്ക് സ്ഥലപരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാല്‍, ഉദ്യോഗസ്ഥര്‍ എത്താറേയില്ല. ജിയോളജി വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ചശേഷമേ മണ്ണ് മാറ്റാന്‍ അനുമതി നല്‍കാവൂ. അനുമതിരേഖയില്‍ എത്ര മണ്ണാണ് മാറ്റേണ്ടതെന്ന് വ്യക്തമാക്കിയിരിക്കണം. മണ്ണ് എടുത്തുകൊണ്ടിരിക്കുമ്പോഴും ശേഷവും സ്ഥലപരിശോധന നടത്തണമെന്നുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയിരിക്കുന്നതിലധികം മണ്ണ് എടുത്താല്‍ ഭീമമായ തുകയാണ് പിഴയായി ഈടാക്കേണ്ടത്. എന്നാല്‍, ആദ്യം സ്ഥലപരിശോധന നടത്തുന്നതല്ലാതെ തുടര്‍പരിശോധനകള്‍ നടക്കാറില്ല. കൂടാതെ, പാസില്‍ മണ്ണുമാറ്റേണ്ട കാലയളവും രേഖപ്പെടുത്തിയിരിക്കും. തുടര്‍ന്ന് നല്‍കുന്ന പാസുകളിലാണ് കൃത്രിമം നടക്കുന്നത്. എത്ര മണ്ണാണോ മാറ്റേണ്ടത് അതിന് ആനുപാതികമായി ലോഡ് ഒന്നിന് ഒരു പാസ് എന്ന കണക്കിലാണ് ജിയോളജി വകുപ്പ് പാസ് നല്‍കുന്നത്. വകുപ്പില്‍നിന്ന് സീല്‍ചെയ്ത് ലഭിക്കുന്ന പാസില്‍ വാഹന നമ്പറും തീയതിയും സമയവും മണ്ണുമാറ്റുന്നവര്‍ തന്നെ രേഖപ്പെടുത്തണം. എന്നാല്‍, തീയതി രേഖപ്പെടുത്തി വാങ്ങുന്ന പാസില്‍ സമയം മണ്ണ് മാഫിയ സംഘം രേഖപ്പെടുത്താറില്ല. ഒരേ പാസുപയോഗിച്ച് നിരവധി ലോഡുകള്‍ കടത്തും. പലപ്പോഴും ഒരു പാസുപയോഗിച്ച് നൂറിലധികം ലോഡുകള്‍ കടത്താറുണ്ട്. ഉദ്യോഗസ്ഥരിലെ ഒരുവിഭാഗം നടത്തുന്ന അനാസ്ഥയിലൂടെ സര്‍ക്കാറിന് റോയല്‍റ്റി ഇനത്തില്‍ ലഭിക്കേണ്ട കോടികളാണ് നഷ്ടമാകുന്നത്. വ്യാപകമായി പാരിസ്ഥിതിക ആഘാതത്തിന് വഴിവെക്കും വിധം മണ്ണെടുപ്പ് നടത്താനും ഇത് കാരണമാകുന്നു. എന്നാല്‍, അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.