എസ്.എസ്.എല്‍.സി: ജില്ലയില്‍ 40,277 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ ജില്ലയില്‍ 255 പരീക്ഷാകേന്ദ്രങ്ങളിലായി 40,277 വിദ്യാര്‍ഥികള്‍. കഴിഞ്ഞതവണത്തെക്കാള്‍ 1022 പേര്‍ കുറവാണ്. 2014ല്‍ 41,299 വിദ്യാര്‍ഥികള്‍ ജില്ലയില്‍നിന്ന് പരീക്ഷയെഴുതിയിരുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലകളാണ് തിരുവനന്തപുരത്തുള്ളത്. ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ പട്ടം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്; 1647 പേര്‍. ഏറ്റവും കുറവ് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ ചെറ്റച്ചല്‍ ഗവ.എച്ച്.എസ്.എസിലാണ്; 16 വിദ്യാര്‍ഥികള്‍. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. 85 കേന്ദ്രങ്ങളിലായി 14,684 കുട്ടികള്‍. കിളിമാനൂര്‍ ഗവ.എച്ച്.എസ്.എസില്‍നിന്ന് 722 കുട്ടികള്‍ പരീക്ഷയെഴുതുന്നുണ്ട്. കഴിഞ്ഞവര്‍ഷം 81 കേന്ദ്രങ്ങളിലായി 15,533 കുട്ടികളാണ് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലാണ്; 92 കേന്ദ്രങ്ങള്‍. 44 സര്‍ക്കാര്‍ സ്കൂളുകളും 40 എയ്ഡഡ് സ്കൂളും 18 അണ്‍എയ്ഡഡ് സ്കൂളുകളും ഇതില്‍ ഉള്‍പ്പെടും. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയില്‍ 11,847 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 730 പേരാണ്. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 79 പരീക്ഷാകേന്ദ്രങ്ങളില്‍നിന്ന് 13,764 കുട്ടികള്‍ പരീക്ഷയെഴുതും. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസും സെന്‍റ് ക്രിസോസ്റ്റം സ്കൂളുമാണ് ഈ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത്. 700ഓളം കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പരണിയം ഗവ. എച്ച്.എസില്‍ 36 പേര്‍ മാത്രമാണ് പരീക്ഷയെഴുതുന്നത്. ചോദ്യപേപ്പറുകള്‍ പരീക്ഷ നടക്കുന്ന സ്കൂളുകള്‍ക്കടുത്തുള്ള ട്രഷറികളിലും ദേശസാല്‍കൃത ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാദിവസം മാത്രമേ ചോദ്യപേപ്പറുകള്‍ സ്കൂളുകളില്‍ എത്തിക്കുകയുള്ളൂ. 28നാണ് പരീക്ഷ അവസാനിക്കുക. 81264 പേരാണ് ബുധനാഴ്ച തുടങ്ങുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ ജില്ലയില്‍ എഴുതുന്നത്. ഇതില്‍ 42180 പേര്‍ പ്ളസ് ടു പരീക്ഷയും 39084 പേര്‍ പ്ളസ് വണ്‍ പരീക്ഷയും എഴുതുന്നവരാണ്. ആണ്‍കുട്ടികളില്‍ 21330 പേര്‍ പ്ളസ് ടു പരീക്ഷയും 19199 പേര്‍ പ്ളസ് വണ്‍ പരീക്ഷയും എഴുതും. പെണ്‍കുട്ടികളില്‍ 20850 പേര്‍ പ്ളസ് ടു പരീക്ഷയും 19885 പേര്‍ പ്ളസ് വണ്‍ പരീക്ഷയും എഴുതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.