യുവാക്കളെ അജ്ഞാതസംഘം വെട്ടിപ്പരിക്കേല്‍പിച്ചു

തിരുവനന്തപുരം: ബൈക്കിലത്തെിയ യുവാക്കളെ അജ്ഞാതസംഘം വെട്ടിപ്പരിക്കേല്‍പിച്ചു. ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശി ഷാലു വി. നായര്‍ (27), സുഹൃത്ത് ജയകുമാര്‍ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30ന് മുട്ടട മാടന്‍കോവില്‍ റോഡിന് സമീപമാണ് സംഭവം. പേരൂര്‍ക്കട ഭാഗത്തേക്ക് ബൈക്കില്‍ വരുകയായിരുന്ന ഷാലുവിനെയും ജയകുമാറിനെയും ആള്‍ട്ടോ കാറിലത്തെിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഷാലുവിന് കാലിനും കൈക്കും സാരമായി പരിക്കേറ്റു. ജയകുമാറിന് കാലിന് വെട്ടേറ്റു. സംഭവശേഷം ആറംഗ അക്രമിസംഘം കാറില്‍ കടന്നുകളഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെട്ടേറ്റവര്‍ക്ക് അക്രമിസംഘത്തെ അറിയാമെന്നാണ് കരുതുന്നത്. എന്നാല്‍, ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറല്ല. കാറിലത്തെിയ സംഘം ഇവരെ വിളിച്ചുവരുത്തിയതായാണ് സൂചന. സ്ത്രീവിഷയവുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്നും സൂചനയുണ്ട്. ഷാലുവിനെ കിഴക്കേകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജയകുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.