കോവളം: ഇളകിത്തൂങ്ങിയ വഴിവിളക്കുകള്‍, മലിനമായ നീന്തല്‍ക്കുളം, കൂര പൊളിഞ്ഞ വിശ്രമകേന്ദ്രം, കാടുപിടിച്ച പരിസരം ഇതൊക്കെയാണ് മുഖ്യമന്ത്രി ബുധനാഴ്ച നാടിന് സമര്‍പ്പിക്കാന്‍ പോകുന്ന ക്രാഫ്റ്റ് വില്ളേജിനെക്കുറിച്ച് ഒറ്റനോട്ടത്തില്‍ പറയാനുള്ളത്. 2011ല്‍ ക്രാഫ്റ്റ് വില്ളേജിന്‍െറ ഉദ്ഘാടനം കഴിഞ്ഞതായി ശിലാഫലകം. ഇപ്പോള്‍ നടക്കുന്നത് പ്രവൃത്തി ഉദ്ഘാടനമെന്ന് നോട്ടീസ്. ആഗോളതലത്തില്‍ കേരളത്തിലെ തനത് കരകൗശല ഉല്‍പന്നങ്ങള്‍ക്ക് ഖ്യാതി നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെള്ളാറില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ളേജ് സ്ഥാപിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കരകൗശലഗ്രാമം നാടിന് സമര്‍പ്പിക്കും. എന്നാല്‍, ഉദ്ഘാടനം തെരഞ്ഞടുപ്പിന് മുന്നോടിയായുള്ള വെറും പ്രഹസനം മാത്രമാകുമോയെന്ന് ജനത്തിന് സംശയമുണ്ട്. കരകൗശലഗ്രാമത്തിലെ പല വഴിവിളക്കുകളും പ്രവര്‍ത്തിക്കുന്നില്ല. ചിലത് ഇളകിവീഴാന്‍ പാകത്തില്‍ തൂങ്ങിക്കിടക്കുകയാണ്. വലിയ നീന്തല്‍ക്കുളം ഉള്‍പ്പെടെ ഇവിടത്തെ രണ്ടു കുളങ്ങളും ചപ്പുചവര്‍ കൊണ്ട് മലിനമായി കിടക്കുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന കരകൗശല ഗ്രാമത്തിന്‍െറ പല ഭാഗങ്ങളും കാടുകയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി. ഉദ്ഘാടനത്തിന് മുന്നോടിയായി ആളുകളുടെ ശ്രദ്ധയത്തെുന്ന ഭാഗത്തെ കാടുമാത്രം പേരിന് വെട്ടിത്തെളിച്ചു. ഒരു വിശ്രമകേന്ദ്രത്തിന്‍െറ മേല്‍ക്കൂര ഭാഗികമായി തകര്‍ന്ന സ്ഥിതിയാണ്. കലാകാരന്മാരും സ്ഥാപനങ്ങളും നിര്‍മിക്കുന്ന പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് കരകൗശല ഗ്രാമം കൊണ്ട് ലക്ഷ്യംവെക്കുന്നത്. 2008 ജൂണില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തിയത്. തുടര്‍ന്ന് 2011 ഫെബ്രുവരിയില്‍ അദ്ദേഹംതന്നെ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചതായി ക്രാഫ്റ്റ് വില്ളേജില്‍ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകങ്ങളില്‍ പറയുന്നു. എന്നാല്‍, വൈദ്യുതി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാതെയാണ് 2011ല്‍ പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് പല മാറ്റങ്ങള്‍ വരുത്തിയ ക്രാഫ്റ്റ് വില്ളേജ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കിയാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നതെന്നും ഇതിനോടകംതന്നെ തെരഞ്ഞെടുത്ത പതിനഞ്ചോളം കരകൗശല വിദഗ്ധര്‍ക്ക് ഗ്രാമത്തിലെ സ്റ്റാളുകള്‍ നല്‍കിക്കഴിഞ്ഞെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പിന്‍െറയും കുടുംബശ്രീ യൂനിറ്റുകളുടെയും സംയുക്ത സംരംഭമാണ് കരകൗശല ഗ്രാമം. ഷഡ്ഭുജാകൃതിയിലുള്ള അഞ്ച് കടകളും 27 വില്‍പനശാലകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കച്ചവടക്കാരുടെയും കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവരുടെയും സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിന് സബ്സിഡി നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. ഡല്‍ഹിയിലെ ദില്ലി ഹാട്ട് മാതൃകയില്‍ പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് കരകൗശലഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ഓപണ്‍ ഓഡിറ്റോറിയം, ആംഫി തിയറ്റര്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഗ്രാമത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.