വലിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കി

തിരുവനന്തപുരം: ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീടുകള്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ വലിയതുറ മത്സ്യഗ്രാമത്തില്‍ നിര്‍മിച്ച എട്ട് ഫ്ളാറ്റുകളുടെ താക്കോല്‍ദാനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. പദ്ധതിക്ക് ആകെ 48.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ആദ്യഘട്ടമായി വലിയതുറ മത്സ്യഗ്രാമത്തിന് തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ സ്ഥലത്താണ് 370 ചതുരശ്ര അടി വീതം വിസ്തൃതിയില്‍ ഫ്ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആറരലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ഓരോ ഫ്ളാറ്റിലും കിടപ്പുമുറി, പഠനമുറി, ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നീ സൗകര്യങ്ങള്‍ ഉണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിനുപുറമെ മത്സ്യത്തൊഴിലാളികളുടെ വീട് അറ്റകുറ്റപ്പണിക്ക് വീട് ഒന്നിന് അരലക്ഷം രൂപ വീതം ലഭ്യമാക്കും. കോളനികളിലെ കാലപ്പഴക്കമുള്ള ഇരട്ട വീടുകള്‍ ഒന്നാക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. മന്ത്രി വി.എസ്. ശിവകുമാര്‍, തീരദേശവികസന കോര്‍പറേഷന്‍ എം.ഡി ഡോ. കെ. അമ്പാടി എന്നിവരും താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.