പ്രകൃതിക്ഷോഭം: കാര്‍ഷികവിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല ഹെക്ടര്‍ കണക്കിന് കൃഷി നിലയ്ക്കുന്നു

ബാലരാമപുരം: പ്രകൃതിക്ഷോഭം മൂലം നശിക്കുന്ന കാര്‍ഷികവിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ട്. കഴിഞ്ഞ ആഴ്ചത്തെ കാറ്റില്‍ ലക്ഷങ്ങളുടെ നഷ്ടവും കര്‍ഷകര്‍ക്ക് സംഭവിച്ചിരുന്നു. നഷ്ടപരിഹാരം വൈകിയാല്‍ ഇനി കൃഷിയിറക്കേണ്ടെന്ന തീരുമാനത്തിലാണ് കര്‍ഷകരിലേറെയും. പള്ളിച്ചല്‍ അഗ്രികള്‍ചറല്‍ അസിസ്റ്റന്‍റ് ഡയറക്ടറുടെ കീഴിലെ ഏഴ് കൃഷിഭവനിലുള്ള കര്‍ഷകര്‍ക്കാണ് ഈ ദുര്‍വിധി. രണ്ട് കോടി രൂപയോളമാണ് നഷ്ടപരിഹാരമായി കൊടുക്കാനുള്ളത്. വാഴ, പച്ചക്കറി, കുരുമുളക് തുടങ്ങിയവയാണ് പ്രകൃതി ക്ഷോഭംമൂലം നശിച്ചത്. ബാങ്ക് വായ്പയെടുത്തും കടംവാങ്ങിയുമാണ് കൃഷി നടത്തിയത്. കൃഷി നശിച്ചതോടെ തുക ലഭിക്കുന്നതിന് വര്‍ഷങ്ങളായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് കര്‍ഷകര്‍. 1992ല്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയാണ് വൈകുന്നത്. കൃഷി ഓഫിസര്‍, വില്ളേജ് ഓഫിസര്‍ എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത്. നഷ്ടപരിഹാര തുക ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം അടുത്തകൃഷിയിറക്കുന്നതിനും കഴിയാതെ പോകുന്നു. കൃഷിവിളകള്‍ നശിക്കുമ്പോള്‍ നാശം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കമീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. കൃഷിനാശത്തിന് നല്‍കുന്ന നഷ്ടപരിഹാരതുകയുടെ 75 ശതമാനം കേന്ദ്രവും ബാക്കി തുക സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്.ഇവിടത്തെ കര്‍ഷകരെ പഞ്ചായത്തും കൃഷിവകുപ്പും തഴയുന്നതായി ആക്ഷേപം. കൃഷികളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും പള്ളിച്ചല്‍ അഗ്രികല്‍ചറല്‍ ഓഫിസിന് കീഴിലുള്ള കര്‍ഷകരെ അവഗണിക്കുന്നതായും ആക്ഷേപമുയരുന്നു. കൃഷിവകുപ്പോ പഞ്ചായത്തോ കര്‍ഷകര്‍ക്ക്് ചില്ലിക്കാശ് അനുവദിക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. 2010-’11 ലാണ് കൃഷിവകുപ്പ് അവസാനമായി നെല്‍കര്‍ഷകര്‍ക്ക് സഹായം നല്‍കിയത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന നിരവധി കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും പള്ളിച്ചല്‍ സംഘമൈത്രി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പ്രസിഡന്‍റ് ആര്‍. ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു. സംഘമൈത്രിയുടെ കീഴില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഇതോടെ ദുരിതത്തിലാകുന്നതെന്നും കൃഷിക്കാരെ കബളിപ്പിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു. കൃഷിക്കായി എടുത്ത ഇന്‍ഷുറന്‍സ് തുക പോലും നല്‍കാതെ കബളിപ്പിക്കുകയാണ്. കര്‍ഷികവിളകര്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് തുക നല്‍കാറില്ല. ഭൂമി പാട്ടത്തിനെടുത്ത് കൃഷിനടത്തുന്നവര്‍ക്കാണ് കഴിഞ്ഞദിവസത്തെ കാറ്റിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാകണമെന്നാണ് കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.