തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ സ്കൂള്‍ പരിസരങ്ങളില്‍ രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ വീതം വണ്‍വേ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം സിറ്റി പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച ‘ശുഭയാത്ര’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്‍ക്കൊള്ളാവുന്നതിലധികം വാഹനങ്ങളാണ് നഗരത്തിലുള്ളത്. അതിനാല്‍ ട്രാഫിക് പരിഷ്കരണം കൂടിയേതീരു. എന്നാല്‍, പരിഷ്കരണം ഭൂരിഭാഗത്തിനും കൂടി ഉപയോഗപ്രദമാകുമ്പോഴേ അത് ഫലപ്രദമാകൂവെന്നും ഡി.ജി.പി പറഞ്ഞു. പൊതുവെ മലയാളികള്‍ക്ക് ‘റോഡ് സംസ്കാരം’ കുറവാണ്. വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ എതിരെ വരുന്നവരെയും മുന്നില്‍ പോകുന്നവരെയും ബഹുമാനിക്കാന്‍ പഠിച്ചാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ കുറക്കാം. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പെറ്റി അടിക്കുന്നത് വലിയ കാര്യമല്ലാതായിരിക്കുകയാണ്. തങ്ങള്‍ ചെയ്ത തെറ്റിനാണ് പിഴ എന്ന് മനസ്സിലാക്കുന്നില്ല. ജനങ്ങളോടൊപ്പം പൊലീസിനും മാറ്റം വേണം. അതേസമയം, ട്രാഫിക് നിയമം തെറ്റിച്ചെന്ന് കണ്ടാല്‍ മാന്യമായും ബഹുമാനത്തോടും കൂടി അത് യാത്രക്കാരെ ബോധ്യപ്പെടുത്താനുള്ള മനോഭാവം സേനയില്‍ ഉണ്ടാകണമെന്നും ഡി.ജി.പി പറഞ്ഞു.10 പേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലും നഗരം സ്തംഭിപ്പിക്കുന്ന പൊലീസിന്‍െറ നടപടി അവസാനിപ്പിക്കണമെന്ന് വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കിഴക്കേകോട്ട ബസ്സ്റ്റാന്‍ഡിന്‍െറ ഒരു ഭാഗം ബൈപാസിനടുത്ത എരുമക്കുഴിയിലേക്ക് മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നഗരത്തിലെ സിഗ്നല്‍ സംവിധാനങ്ങള്‍ രാവിലെ ആറുമുതല്‍ ഓണ്‍ ആക്കുക, കരമന-കളിയിക്കാവിള, ചാല റോഡിലെ അനധികൃത പാര്‍ക്കിങ്ങുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കോര്‍പറേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ഡി.ജി.പി ഉറപ്പുനല്‍കി. തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍, നഗരസഭാ പ്രതിനിധികള്‍, വിദ്യാഭ്യാസ-ആരോഗ്യവകുപ്പ് അധികൃതര്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഓട്ടോ-ടാക്സിഡ്രൈവേഴ്സ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.