വിവരശേഖരണം പാതിവഴിയില്‍: കൊട്ടിയത്ത് 10,000ത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍

കൊട്ടിയം: ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണം പൊലീസ് പാതിവഴിയില്‍ ഉപേക്ഷിച്ചതിനത്തെുടര്‍ന്ന് കൊട്ടിയത്തും പരിസരത്തുമായി തമ്പടിച്ചിരിക്കുന്നത് പതിനായിരക്കണക്കിനാളുകള്‍. കൊട്ടിയം സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് കൊലപാതക ക്കേസുകളില്‍ പ്രതികളായത് ബംഗാളികളും ശ്രീലങ്കക്കാരുമായിരുന്നു. കൊലപാതകം നടന്ന പ്രതികളെ പൊലീസ് പിടികൂടിയപ്പോഴാണ് പ്രതികള്‍ ശ്രീലങ്കക്കാരാണെന്ന് പൊലീസ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം കൊട്ടിയത്ത് ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ നടന്ന കൊലപാതകത്തിലാണ് ശ്രീലങ്കക്കാരന്‍ പ്രതിയായത്. മരിച്ചതും ശ്രീലങ്കക്കാരനായിരുന്നു. ഇവര്‍ വര്‍ഷങ്ങളായി കൊട്ടിയത്ത് താമസിച്ചിട്ടും പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. മുട്ടക്കാവില്‍ ഇഷ്ടികക്കളത്തിലെ മുറിയില്‍വെച്ച് ബംഗാളി യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവവും നടന്നത് കൊട്ടിയം സി.ഐയുടെ പരിധിയിലാണ്. കൊട്ടിയം, പറക്കുളം, ഉമയനല്ലൂര്‍, ഇ.എസ്.ഐ ജങ്ഷന്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വീടുകളുടെ ടെറസിനുമുകളില്‍ ഷീറ്റ് മറച്ച് മുറികളുണ്ടാക്കിയാണ് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്നത്. ഒരുവിധ സംവിധാനവുമില്ലാതെ, വാടക മാത്രം ലക്ഷ്യമാക്കിയാണ് പലരും ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ എവിടത്തുകാരാണെന്നോ ഇവരെക്കുറിച്ചുള്ള രേഖകളോ ഇവര്‍ക്ക് വാടകക്ക് മുറികള്‍ നല്‍കിയിരിക്കുന്നവര്‍ക്ക് അറിയില്ല. ഇവര്‍ എവിടെയാണ് പോകുന്നതെന്നോ എപ്പോഴാണ് വരുന്നതെന്നോ അറിയാന്‍പോലും കെട്ടിട ഉടമകള്‍ ശ്രമിക്കാറില്ല. കൊല്‍ക്കത്ത, ഡാര്‍ജിലിങ്, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും ബംഗ്ളാദേശില്‍നിന്ന് അനധികൃതമായി എത്തിയവരും ഇക്കൂട്ടരിലുണ്ടെന്നാണ് വിവരം. അടുത്തിടെ ആരോഗ്യവകുപ്പ് ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നവര്‍ക്ക് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയില്ളെന്ന് മനസ്സിലായത്. അഞ്ചുവര്‍ഷം മുമ്പ് കൊട്ടിയം പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്താന്‍ ശ്രമിച്ചിരുന്നു. രജിസ്ട്രേഷനുള്ള ഏതാനും കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഫോട്ടോയും മറ്റും നല്‍കി രജിസ്റ്റര്‍ ചെയ്തെങ്കിലും കൂടുതല്‍ പേരും എത്തിയിരുന്നില്ല. സ്ഥിരമായി ഇവര്‍ എവിടെയും ജോലിക്ക് നില്‍ക്കാത്തതിനാലാണ് പലരും വിവരങ്ങള്‍ നല്‍കാനായി സ്റ്റേഷനില്‍ എത്താതിരുന്നത്. മുട്ടയ്ക്കാവ്, കുണ്ടുമണ്‍, ചാത്തന്നൂര്‍, മീനാട് ഭാഗങ്ങളിലെ ഇഷ്ടികക്കളങ്ങളിലും മറ്റും ജോലി നോക്കുന്നവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ താമസിപ്പിച്ച് പണം കൊയ്യുന്നതിനായി നിരവധി പേരാണ് താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിക്കുന്നത്. പഞ്ചായത്തിന്‍െറയോ ആരോഗ്യവകുപ്പിന്‍െറയോ ലൈസന്‍സില്ലാതെയാണ് പലരും ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ദേശീയപാതയിലുള്ള ഉമയനല്ലൂര്‍, പറക്കുളം, ഇ.എസ്.ഐ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ ജോലിതേടി ആയിരങ്ങളാണ് എത്തുന്നത്. അടുത്തിടെ ജനമൈത്രി ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി ബി. സന്ധ്യ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ജനമൈത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലം വെസ്റ്റ് പൊലീസും പുനലൂര്‍ പൊലീസും മാത്രമാണ് ഇവരെക്കുറിച്ചുള്ള വിവരശേഖരണം ജില്ലയില്‍ നടത്തിയത്. മറ്റ് പൊലീസ് സ്റ്റേഷനുകളിലൊന്നും വിവരശേഖരണം നടന്നില്ല.ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും ഇവരില്‍ മറ്റ് രാജ്യക്കാരുണ്ടോ എന്ന് അന്വേഷിക്കുന്നതിനും പൊലീസ് മിനക്കെടാത്തതിനാലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊട്ടിയം താമസസ്ഥലമായി തെരഞ്ഞെടുക്കാന്‍ കാരണം. തൊഴിലാളികളില്‍ കുട്ടികള്‍ വരെയുണ്ടെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.