വിസ തട്ടിപ്പ്: യുവാവിനെ പിടികൂടി പൊലീസിന് കൈമാറി

കൊട്ടാരക്കര: ഗള്‍ഫിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയ യുവാവിനെ തട്ടിപ്പിനിരയായവര്‍ പിടികൂടി പൊലീസിന് കൈമാറി. വ്യാഴാഴ്ച വൈകീട്ട് അമ്പലംകുന്ന് നെട്ടയത്തുവെച്ച് പിടികൂടി പൂയപ്പള്ളി പൊലീസിന് കൈമാറിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് കബളിപ്പിക്കപ്പെട്ട നിരവധിപേര്‍ കൊട്ടാരക്കര സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊട്ടാരക്കരയിലെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കോട്ടാത്തല സ്വദേശിയാണെങ്കിലും രണ്ടുവര്‍ഷമായി മറ്റൊരിടത്താണ് താമസം. സഹോദരി കുവൈത്തില്‍ നഴ്സാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തി വന്നത്. കുവൈത്തിലെ ആശുപത്രിയിലെ വിവിധ ജോലികള്‍ക്കാണ് വിസ നല്‍കാമെന്ന് പറഞ്ഞത്. ഈമാസം അവസാനത്തോടെ ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. വിസക്ക് 50,000 രൂപയും ജോലി പരിചയ സര്‍ട്ടിഫിക്കറ്റിന് 12,000 രൂപയുമാണ് പറഞ്ഞുറപ്പിക്കുന്നത്. ഇത്തരത്തില്‍ 10,000 മുതല്‍ 40,000 രൂപ വരെ പലരില്‍നിന്നും തട്ടിയെടുത്തു. പണം നല്‍കിക്കഴിഞ്ഞാല്‍ ഫോണിലോ നേരിട്ടോ ഇയാളെ ബന്ധപ്പെടാന്‍ കഴിയില്ല. പണം നല്‍കിയ നെട്ടയം സ്വദേശിയായ യുവാവിന്‍െറ വീട്ടില്‍ മെഡിക്കല്‍ പരിശോധന നടത്താന്‍ വീണ്ടും പണം ആവശ്യമാണെന്ന് പറഞ്ഞ് എത്തിയപ്പോഴായിരുന്നു വീട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ചടയമംഗലം, അമ്പലംകുന്ന്, മഞ്ഞപ്പാറ, കോട്ടാത്തല, ആയൂര്‍ എന്നിവിടങ്ങളിലെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇയാള്‍ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊട്ടാരക്കര സ്റ്റേഷനില്‍ പരാതികള്‍ വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പൂയപ്പള്ളി പൊലീസിന്‍െറ നിരീക്ഷണത്തിലുള്ള ഇയാളെ കൊട്ടാരക്കര പൊലീസിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.