പരിശോധനയില്ല; അതിര്‍ത്തി കടന്നത്തെുന്നത് രോഗം വിതക്കുന്ന കോഴികളും മാടുകളും

തിരുവനന്തപുരം: പരിശോധനകള്‍ നിലച്ചതോടെ രോഗം വിതക്കുന്ന ഇറച്ചിക്കോഴികളും മാടുകളും അതിര്‍ത്തി കടന്നത്തെുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് തലസ്ഥാനത്ത് എത്തുന്നത് മാരകരോഗങ്ങള്‍ പരത്താന്‍ കഴിവുള്ള ഹോര്‍മോണുകള്‍ കുത്തിവെച്ച കോഴികളും മാടുകളുമാണ്. പുറമെ, ഇതരസംസ്ഥാനങ്ങളിലെ വന്‍കിട ഇറച്ചി കയറ്റുമതിശാലകളില്‍നിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങളും ഇവിടെ എത്തുന്നുണ്ട്. ‘സൂനാമി ഇറച്ചി’ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ ഇറച്ചി അരച്ച് പലഹാരങ്ങള്‍ക്കുള്ളിലാക്കുമ്പോള്‍ ദുര്‍ഗന്ധവും കാലപ്പഴക്കവും ഉപഭോക്താവ് അറിയാതെ പോകുന്നു. സമോസ, കട്ലറ്റ് നിര്‍മാണത്തിന് ഈ ഇറച്ചി പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ടൈഫോയ്ഡ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരദേശത്ത് പലര്‍ക്കും ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, വൃത്തിഹീനമായ കശാപ്പുശാലകളില്‍ അറക്കുന്ന രോഗം ബാധിച്ച മാടുകളുടെ കുടല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ചെറിയ രീതിയില്‍ വെട്ടിനുറുക്കിയും സമോസയിലും മറ്റും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞദിവസം മാറനല്ലൂര്‍ ഭാഗത്ത് സമോസ നിര്‍മിക്കുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിയിരുന്നു. ആരോഗ്യവകുപ്പിന്‍െറ അംഗീകാരമോ ലൈസന്‍സോ ഇല്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ബേക്കറി സാധനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. കോഴിവില കുതിച്ചുയരാന്‍ തുടങ്ങിയതോടെ കടകളിലേക്ക് കൊണ്ടുവരുന്നവയില്‍ ചത്ത കോഴികള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ചത്ത കോഴികളെ മാറ്റിയിട്ടശേഷമാണ് ജീവനുള്ള കോഴികളെ ഏജന്‍റുമാര്‍ക്ക് നല്‍കുന്നത്. ശേഷം ചത്തകോഴികള്‍ വാഹനത്തിനുള്ളില്‍ കൂട്ടിയിട്ട് ലേലം വിളിക്കും. ഇത്തരം കോഴികളെയാണ് പല തട്ടുകടകളിലും ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം വെള്ളറടയിലെ ഒരു തട്ടുകടയില്‍നിന്ന് പുഴുവരിച്ച ചിക്കന്‍ ഫ്രൈ കണ്ടത്തെിയിരുന്നു. ഇത്തരത്തില്‍ കോഴികളെയും മാടുകളുടെ അവശിഷ്ടങ്ങളും ശേഖരിക്കാനും വില്‍പന നടത്താനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. പൊടിയിറച്ചിയുടെ ഉപയോഗവും വര്‍ധിക്കുന്നു. ചത്തജീവികളുടെ അവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലെ കേന്ദ്രങ്ങളില്‍തന്നെ പൊടിച്ച് പാക്കറ്റുകളിലാക്കിയാണ് പൊടിയിറച്ചിയെന്ന പേരില്‍ വില്‍ക്കുന്നത്. ബേക്കറികളും പലഹാര യൂനിറ്റുകളുമാണ് ഇത്തരം വിലകുറഞ്ഞ പൊടിയിറച്ചി വാങ്ങുന്നത്. കശാപ്പ് ചെയ്ത ഇറച്ചി അന്നേദിവസം വില്‍ക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ അമോണിയ ചേര്‍ന്ന ഐസ് ചേര്‍ത്താണ് സൂക്ഷിക്കുക. പഴകിയ ഇറച്ചിയുടെ ദുര്‍ഗന്ധം അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാനും ഇത്തരത്തില്‍ അമോണിയ ചേര്‍ക്കുന്നുണ്ട്. ഇത്തരം സാധനങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് കണ്ണിനും വൃക്കക്കും കരളിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകളില്ലാത്തതാണ് രോഗം ബാധിച്ച മാടുകളും കോഴികളും എത്താന്‍ പ്രധാന കാരണം. ചിലര്‍ മാടുകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ തലക്കടിച്ചാണ് കൊല്ലുന്നത്. ഈ രീതിയില്‍ കൊല്ലുമ്പോള്‍ ഇറച്ചിയില്‍ രക്തംനിന്ന് പുതിയ ഇറച്ചിയെന്ന തോന്നല്‍ ഉപഭോക്താവിന് ഉണ്ടാകുകയും ചെയ്യും. മാടുകളെ പരിശോധന നടത്തി രോഗമില്ളെന്ന് ഉറപ്പ് വരുത്തിയശേഷം കശാപ്പ് നടത്താന്‍ സ്ഥാപിച്ച കുന്നുകുഴിയിലെ അറവുശാല പ്രവര്‍ത്തന രഹിതമായിട്ടും വര്‍ഷങ്ങളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.