മനുഷ്യക്കടത്ത് സംഘങ്ങള്‍ തലസ്ഥാനത്ത് വീണ്ടും സജീവം

ശംഖുംമുഖം: ഇടവേളക്ക് ശേഷം മനുഷ്യക്കടത്ത് സംഘങ്ങള്‍ തലസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. തമിഴ്നാട്ടിലെ വിമാനത്തവളങ്ങള്‍ വഴിയാണ് പ്രധാനമായും കടത്ത്. ഇടപാടുകള്‍ തിരുവനന്തപുരം കേന്ദ്രമാക്കിയും. വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള എമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് തൊഴില്‍ വിസ ലഭിച്ചിട്ടും വിദേശത്തേക്ക് കടക്കാന്‍ കഴിയാത്തവരെ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സംഘങ്ങള്‍ തലസ്ഥാന നഗരം കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്നത്. 30,000 മുതല്‍ 50,000 രൂപ വരെയാണ് ആളൊന്നിന് സംഘങ്ങള്‍ ഈടാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം ചവിട്ടിക്കയറ്റിന്‍െറ താവളമായി മാറിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ചുമതല സംസ്ഥാന പൊലീസില്‍നിന്നും ഐ.ബി ഏറ്റെടുത്ത് പരിശോധന കര്‍ശനമാക്കിയതോടെ പിന്‍വലിഞ്ഞ സംഘങ്ങളാണ് പുതിയ തന്ത്രങ്ങളുമായി വീണ്ടും സജീവമായത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ചവിട്ടിക്കയറ്റിന് ആളെ കണ്ടത്തെുന്ന സംഘങ്ങള്‍ ഇവരെ തിരുവനന്തപുരത്ത് എത്തിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. തമിഴ്നാട്ടിലെ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പരിശോധന കര്‍ശനമല്ലാത്തതും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കഴിയുമെന്ന സാഹചര്യവും മുതലാക്കിയാണ് തമിഴ്നാടിനെ തെരഞ്ഞടുത്തിരിക്കുന്നത്. എമിഗ്രഷന്‍ ക്ളിയറന്‍സ് കിട്ടാത്തവരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് നേരത്തേ കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്ക് കടത്തിവിട്ടിരുന്നത്. ഇതിനൊപ്പം വ്യാജ പാസ്പോര്‍ട്ടുകളില്‍ വ്യാജ വിസ പതിച്ചും ഇതര സംസ്ഥാനക്കാരെ വരെ ഇത്തരം സംഘങ്ങള്‍ വിദേശത്തേക്ക് കടത്തിയിരുന്നു. കടത്തലുകള്‍ കര്‍ശന നീരിക്ഷണത്തിലൂടെ പിടികൂടിയെങ്കിലും കേസുകളുടെ തുടരന്വേഷണം പകുതി വഴിയില്‍ മുടങ്ങിയതോടെ സംഘങ്ങള്‍ വീണ്ടും സജീവമായി. എന്നാല്‍, ഇപ്പോഴും തിരുവനന്തപുരം വഴി ഇടക്കിടെ മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. തീര്‍ഥാടന വിസയില്‍ പോയവര്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് എമിഗ്രഷന്‍ അധികൃതര്‍ പരാതി നല്‍കുമ്പോഴാണ് സംഭവം മനുഷ്യക്കടത്താണെന്ന് അറിയുന്നത്. ഇത്തരംകേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്താനോ കേന്ദ്ര എജന്‍സികളെ ഏല്‍പിക്കാനോ തയാറാകാതെ സംഭവം നിസ്സാരവത്കരിക്കപ്പെട്ട് കിടക്കുന്ന അവസ്ഥയാണ്. വിസിറ്റിങ് വിസയില്‍ പോകുന്നവര്‍ക്ക് കൂടുതലായി എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ ആവശ്യമില്ലാത്തതും മടക്കടിക്കറ്റും സത്യവാങ്മൂലവും മാത്രവും മതിയെന്നുള്ളതും മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്നു. മനുഷ്യക്കടത്തിന്‍െറ പേരില്‍ പിടികൂടിയ സംഭവങ്ങള്‍ പോലും തുടരന്വേഷണം പകുതിവഴിക്ക് വച്ച് മുടങ്ങാറാണ് പതിവ്. ഇതുമുതലാക്കി വ്യജ പാസ്പോര്‍ട്ടുകള്‍ വരെ സംഘടിപ്പിച്ച് വിദേശത്തേക്ക് ആളെ കയറ്റിയയക്കുന്ന സംഘങ്ങള്‍ വീണ്ടുംതലസ്ഥാനത്ത് സജീവമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.