മഴയില്‍ കുന്നുകൂടി മാലിന്യം; നടപടിയെടുക്കാതെ കോര്‍പറേഷന്‍

കിളികൊല്ലൂര്‍: മാലിന്യപ്രശ്നം രൂക്ഷമായിട്ടും പരിഹാരമാര്‍ഗമില്ലാതെ കോര്‍പറേഷന്‍. മഴയില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഈച്ചകളുടെയും തെരുവുനായയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, മാലിന്യനിര്‍മാര്‍ജനത്തിനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നഗരസഭയുടെ മാലിന്യസംസ്കരണ പ്രദേശമായ കുരീപ്പുഴയില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം മാലിന്യം തള്ളുന്നത് കോര്‍പറേഷന്‍ നിര്‍ത്തുകയായിരുന്നു. കച്ചവടം നടത്തുന്നവരോട് കടകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പക്ഷേ, അത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ നഗരസഭക്കും കഴിഞ്ഞിട്ടില്ല. പല വ്യാപാരസ്ഥാപനങ്ങളില്‍നിന്നും രാത്രി മാലിന്യങ്ങള്‍ റോഡരികിലും മറ്റും തള്ളുകയാണ് ഇപ്പോള്‍. കിളികൊല്ലൂര്‍ സോണല്‍ ഓഫിസിന് സമീപവും കരിക്കോട് മേല്‍പാലത്തിന് സമീപവും മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കരിക്കോട് മേല്‍പാലത്തിലെ മാലിന്യം റെയില്‍വേ സ്ഥലത്തായതിനാല്‍ കോര്‍പറേഷന്‍ കണ്ണടക്കുകയാണ്. ജില്ലയിലെ വിവിധ ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന വിവാഹങ്ങളുടെയും അതുപോലുള്ള പരിപാടികളുടെയും ഭക്ഷണാവശിഷ്ടങ്ങള്‍ അഷ്ടമുടി കായലിലും തോടുകളിലും തള്ളുന്നതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.