തുടരുന്ന മഴ, കര കവിഞ്ഞൊഴുകുന്ന നദി, തീരവാസികള്‍ ദുരിതത്തില്‍

ആറ്റിങ്ങല്‍: മഴ ശക്തമായി തുടരുന്നു, വാമനപുരം നദി കര കവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലേക്ക്. തീരവാസികള്‍ ദുരിതത്തില്‍. ചിറയന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളുടെ കായലോര മേഖലയില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ തിനവിളയില്‍ നാല് വീടുകള്‍ തകര്‍ന്നു. അഞ്ച് വീടുകളുടെ കിണറുകള്‍ കുടുങ്ങി താഴ്ന്നു. സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, ശ്രീദേവിയമ്മ, ഭാനുമതി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്നു. വീടിന്‍െറ അടിസ്ഥാനത്തിന് ചുറ്റും വെള്ളംകെട്ടി നില്‍ക്കുന്നത് വീടിന്‍െറ ബലക്ഷയത്തിനും തകര്‍ച്ചക്കും കാരണമായേക്കും. വീടുകളിലേക്ക് പ്രവേശിക്കാനാകാത്തവിധം പരിസരം വെള്ളം നിറഞ്ഞ നിലയിലാണ്. അഞ്ചുതെങ്ങില്‍ ഒരാഴ്ചയായി തുടരുന്ന മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പായല്‍മൂടിയ അവസ്ഥയിലായി. വീടുകള്‍ക്ക് ഭീഷണിയായി ഉയര്‍ന്ന ജലനിരപ്പിന് പരിഹാരം കാണാന്‍ റവന്യൂ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്നാണ് ആക്ഷേപം. അഞ്ചുതെങ്ങ് കേട്ടുപുര സൂനാമി കോളനിയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് എക്സ്കവേറ്റര്‍ എത്തിച്ച് തോട് നിര്‍മിച്ച് കായലിലേക്ക് ഒഴുക്കി വിട്ടിരുന്നു. ശനിയാഴ്ച കൂടുതല്‍ മേഖലകള്‍ വെള്ളത്തിനടിയിലായതോടെ റോഡ് വെട്ടിപ്പൊളിച്ചും കലുങ്കുകള്‍ തകര്‍ത്തും നീരൊഴുക്കിന് അവസരമൊരുക്കി. വാമനപുരം നദി നിറഞ്ഞൊഴുകുകയാണ്. ബണ്ടുകള്‍ക്ക് ഉയരം കുറവുള്ള ഭാഗങ്ങളില്‍ മുകളിലൂടെ ജലമൊഴുകുന്നുണ്ട്. ആറ്റിങ്ങല്‍ നഗരസഭയിലെ കൊടുമണ്‍ മീമ്പാട്ട് നാല്‍പതോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീമ്പാട്ട് ഏലായില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് കാരണം. ഏലാക്ക് സമീപത്ത് കൂടിയുള്ള റോഡും വെള്ളത്തിനടിയിലാണ്. വാമനപുരം നദിയിലേക്ക് പോയിരുന്ന കൈതോടുകളിലൂടെ ജലം തിരിച്ചൊഴുകുന്നതാണ് നദീതിരത്തുള്ള താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലത്തെിച്ചിരിക്കുന്നത്. മുദാക്കല്‍, കിഴുവിലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മാമം ആറും നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. സമീപത്തെ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മാമം-കമുകറ പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.