കടലാക്രമണത്തില്‍ വീട് തകര്‍ന്നവര്‍ക്ക് അടിയന്തര സഹായം –മന്ത്രി

വലിയതുറ: കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് അടിയന്തരസഹായമത്തെിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വലിയതുറയില്‍ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച നടത്തി കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കടലാക്രമണ ഭീഷണി നേരിടുന്ന 116 കുടുംബങ്ങളാണ് വലിയതുറ പാലത്തിന്‍െറ ഇരുവശത്തുമായി താമസിക്കുന്നതെന്നും ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ ആവശ്യമാണെന്നും അതിന് വലിയതുറ തുറമുഖവകുപ്പിന് കീഴിലുള്ള മേല്‍ക്കൂരയില്ലാത്ത കെട്ടിടത്തില്‍ അടിയന്തര മേല്‍ക്കൂര സ്ഥാപിച്ചാല്‍ സ്കൂളുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഇവിടേക്ക് മാറ്റാന്‍ കഴിയുമെന്നും കലക്ടര്‍ ബിജുപ്രഭാകര്‍ മന്ത്രിയെ അറിയിച്ചു. അപകടാവസ്ഥയിലായ വലിയതുറ കടല്‍പാലം നവീകരിക്കേണ്ടതിന്‍െറ ആവശ്യമുണ്ടോയെന്ന് ആരാഞ്ഞ മന്ത്രിയോട് ടൂറിസവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാലം സംരക്ഷിക്കണമെന്ന് തുറമുഖ ഡയറക്ടര്‍ ഷേഖ് പരീത് മന്ത്രിയോട് അഭ്യര്‍ഥിച്ചു. ബീമാപള്ളിയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മുട്ടത്തറ സ്വീവേജ് ഫാമില്‍ കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് വീടുവെച്ച് നല്‍കാന്‍ കണ്ടുവെച്ച സ്ഥലം സന്ദര്‍ശിച്ചു. കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം മന്ത്രിയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.