നാടിനെ കരയിച്ച് അവര്‍ യാത്രയായി

ബാലരാമപുരം: അവണാകുഴിയില്‍ മദ്യലഹരിയിലത്തെിയവര്‍ വരുത്തിവെച്ച അപകടത്തില്‍ മരിച്ച മൂന്നുപേര്‍ക്കും നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. നെല്ലിമൂട്, കണ്ണറവിള, മണ്ണക്കല്ല് അലക്സ് ഭവനില്‍ രാജേന്ദ്രന്‍ എന്ന യോഹന്നാന്‍ (48), കണ്ണറവിള, വിധുഭവനില്‍ സുധാകരന്‍ എന്ന ബനഡിക്ട് (60) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ണറവിള ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബൈക്ക് യാത്രികനായ കാഞ്ഞിരംകുളം, ചാവടി, വെള്ളരിക്കല്‍ വീട്ടില്‍ ശശീന്ദ്രന്‍ (45), കോട്ടുകാല്‍ പൊറ്റവിള വീട്ടില്‍ സരോജം (58) എന്നിവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലും പൊതുദര്‍ശനത്തിന് വെച്ചു. നെയ്യാറ്റിന്‍കര അവണാകുഴി ജങ്ഷനില്‍ ബുധനാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കാഞ്ഞിരംകുളം ഭാഗത്തുനിന്ന് അമിതവേഗത്തിലത്തെിയ ജീപ്പ് അവണാകുഴി ജങ്ഷനിലെ ഹമ്പില്‍ നിയന്ത്രണം തെറ്റി എതിര്‍ദിശയിലേക്ക് പോകുകയായിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം 100 മീറ്റര്‍ മാറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തുടര്‍ന്ന് വീണ്ടും വാഹനം എതിര്‍ദിശയില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന രണ്ട് ബൈക്കിലിടിച്ച് നിന്നു. അവണാകുഴിയിലെ വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന യശോദക്ക്(82) കാലിന് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ കാരക്കാമണ്ഡപം സ്വദേശി വിജയകുമാറിനെയും സഹപ്രവര്‍ത്തകന്‍ സുനിലിനെയും മറ്റ് രണ്ടുപേരെയും നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. പൂവാറിലെ ചടങ്ങില്‍ പങ്കെടുത്ത് മദ്യപിച്ച് ലക്കുകെട്ട ശേഷം അമിത വേഗത്തില്‍ വാഹനമോടിച്ചുവരുകയായിരുന്നു സംഘം. സംഭവത്തെതുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ജീപ്പ് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെടലിനെതുടര്‍ന്ന് പിന്‍വാങ്ങി. അപകടസ്ഥലത്തുനിന്ന് ജീപ്പ് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടം വരുത്തിവെച്ചവരെ പൊലീസ് സഹായിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. വിവിധ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസത്തെിയാണ് പ്രശ്നം ശാന്തമാക്കിയത്. മന$പൂര്‍വം അപകടം വരുത്തുന്ന തരത്തില്‍ വാഹനമോടിച്ച് നാലുപേരുടെ ജീവനെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിച്ചു. കണ്ണറവിളയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.