ഇടിഞ്ഞാര്‍ ആദിവാസി വിദ്യാലയത്തിന്‍െറ സ്വന്തം മുഹമ്മദ് സാര്‍ പടിയിറങ്ങി

പാലോട്: ഇടിഞ്ഞാര്‍ ആദിവാസി വിദ്യാലയത്തെ തുടര്‍ച്ചയായി മൂന്നുവര്‍ഷം സമ്പൂര്‍ണ വിജയത്തിലേക്ക് നയിച്ച പ്രധാനാധ്യാപകന്‍ പടിയിറങ്ങി. പിന്നാക്കാവസ്ഥയിലായിരുന്ന സര്‍ക്കാര്‍ വിദ്യാലയത്തെ രക്ഷാകര്‍ത്താക്കളുടെയും സഹാധ്യാപകരുടെയും സഹകരണത്തോടെ ഉന്നതിയിലേക്കാനയിക്കാനായതിന്‍െറ സന്തോഷത്തോടെയാണ് പുലിപ്പാറ മുഹമ്മദ് ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂളില്‍നിന്ന് മേയ് 31ന് വിരമിച്ചത്. കുട്ടികളുടെയും നാട്ടുകാരുടെയും ‘മുഹമ്മദ് സാര്‍’ ചാര്‍ജെടുത്ത 2013നുശേഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷകളിലെല്ലാം സ്കൂളിന് നൂറുശതമാനം വിജയം നേടാന്‍ സാധിച്ചു. വിദ്യാര്‍ഥികളില്‍ 70 ശതമാനവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്. സാമ്പത്തികമായും സാമൂഹികമായും വളരെ പിറകിലാണ് സ്കൂളിലെ കുട്ടികളുടെ കുടുംബങ്ങളിലേറെയും. 12 അധ്യാപകരുള്ള ഇവിടെ 10ാംക്ളാസ് വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ അധികം ക്ളാസ് നല്‍കിയാണ് ചരിത്ര വിജയത്തിന് കളമൊരുക്കിയത്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇടിഞ്ഞാര്‍ സ്കൂള്‍ അഭിമാനനേട്ടം കൈവരിച്ചു. ഗാന്ധിദര്‍ശന്‍ ക്ളബ് പ്രവര്‍ത്തനത്തിന് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം കഴിഞ്ഞ അധ്യയനവര്‍ഷം നേടിയത് ഇടിഞ്ഞാര്‍ ഹൈസ്കൂളായിരുന്നു. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ ജയിച്ചതിലൂടെ ഒരുപാട് തവണ വാര്‍ത്തകളിലിടം നേടിയ ഇടിഞ്ഞാര്‍ സ്കൂളിന് മൂന്നുവര്‍ഷത്തെ സമ്പൂര്‍ണ വിജയം സമ്മാനിച്ചത് അഭിമാന മുഹൂര്‍ത്തമാണ്. തികഞ്ഞ ഇച്ഛാശക്തിയോടെ സ്കൂളിനെ നയിച്ച പുലിപ്പാറ മുഹമ്മദിന് രക്ഷാകര്‍ത്താക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.