വില കുതിക്കുന്നു; കൈപൊള്ളി ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് വില കുതിക്കുന്നു. ഒരു മാസത്തിനുള്ളിലാണ് വിലവര്‍ധനയില്‍ വലിയ വ്യത്യാസം പ്രകടമായത്. ഇത് സാധാരണക്കാരുടെ കൈ പൊള്ളിക്കുകയാണ്. തക്കാളി, തൊണ്ടന്‍മുളക്, പയര്‍, ചേന തുടങ്ങി പച്ചക്കറികളില്‍ പലതിനും പൊള്ളും വിലയാണ്. അവശ്യസാധനങ്ങളില്‍ ധാന്യവര്‍ഗങ്ങള്‍ക്കാണ് മൊത്ത വിപണിയില്‍ വിലയേറിയത്. ചിലതിന് ഒരാഴ്ചക്കിടെ റെക്കോഡ് വിലയും രേഖപ്പെടുത്തി. ഉഴുന്ന് കിലോക്ക് 162 രൂപയില്‍നിന്ന് 172ആയി. പയറിന് 89ല്‍നിന്ന് 102ആയും പരിപ്പിന് 95ല്‍നിന്ന് 100 ആയും വില ഉയര്‍ന്നു. വെളുത്തുള്ളിക്ക് 130 രൂപയാണ് ഇപ്പോള്‍. 75 രൂപയില്‍നിന്നാണ് ഈ കുതിപ്പ്. ചെറിയ ഉള്ളിക്ക്10 രൂപ വര്‍ധിച്ച് 50ല്‍ എത്തി. സുലേഖ അരിക്ക് 36 രൂപ നല്‍കണം. നാലുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പാലക്കാടന്‍ മട്ട ചമ്പ അരി വില 38.20 വരെയായി. മുളകിന്‍െറ വില 148ല്‍നിന്ന് 160 ആയി ഉയര്‍ന്നു. പഞ്ചസാരക്ക് ഒരു രൂപ കൂടി 40ഉം മല്ലിക്ക് 10 രൂപ കൂടി 120ഉം ആയി. എന്നാല്‍ സവാള, വെളിച്ചെണ്ണ, പാമോയില്‍, ജയ അരി എന്നിവയുടെ വിലയില്‍ വര്‍ധനയുണ്ടായില്ല. പച്ചക്കറികളില്‍ തക്കാളിയുടെ വില 50ല്‍നിന്ന് 70 ആയും ഉയര്‍ന്നു. തൊണ്ടന്‍മുളക് 80ല്‍ നിന്ന് 120ആയും വര്‍ധിച്ചിട്ടുണ്ട്. പയര്‍ 30-50, ചേന 40-50, ബീറ്റ്റൂട്ട് 30-40, ചേമ്പ്15-25, ബീന്‍സ് 50-80, പടവലം 25-35 എന്നിങ്ങനെയാണ് വിലമാറ്റം. എന്നാല്‍, വെണ്ടക്ക, കാരറ്റ് എന്നിവക്ക് വിലവര്‍ധനയില്ല. മൊത്തവിപണിയില്‍ ഉണ്ടായ ഈ വിലക്കയറ്റം ചില്ലറ വിപണിയിലും പ്രകടമാണ്. പല വിപണികളിലും വിലയില്‍ ഏറ്റക്കുറച്ചിലുണ്ടെന്നതും ശ്രദ്ധേയമാണ്. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തുന്നതിനുള്ള കാലതാമസമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇവിടങ്ങളില്‍ സാധനങ്ങളുടെ സ്റ്റോക് കുറവാണെന്നാണ് വിവരം. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ഹരിതട്രൈബ്യൂണല്‍ വിധി നടപ്പായാല്‍ അതും വിപണിയെ ബാധിക്കും. 35 ശതമാനത്തിലേറെ ചരക്ക് ലോറികളും 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളവയാണ്. പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. നോമ്പ് തുടങ്ങുന്നതോടെ ഇനിയും പഴവര്‍ഗങ്ങള്‍ക്ക് വില ഉയരുമെന്നാണ് വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.