തിരുവനന്തപുരം: ക്ളാസ്മുറിയുടെ ചുവരുകള്‍ക്കുള്ളിലിരുന്ന് വീര്‍പ്പുമുട്ടി ഗണിതവും ശാസ്ത്രവും ഭാഷയും ആവര്‍ത്തിച്ചുരുവിട്ടും എഴുതിയും അകത്താക്കുന്ന കാലത്തെ സ്കൂള്‍ഗേറ്റിനു പുറത്തുനിര്‍ത്തി പുതിയ പരീക്ഷണത്തിനു തയാറെടുക്കുകയാണ് കരകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ തുറന്ന ക്ളാസ് മുറിയാണ് കുട്ടികളെ കാത്തിരിക്കുന്നത്. വിശാലമായ ആകാശത്തിന്‍െറ താഴെ മരങ്ങള്‍ക്കും ചെടികള്‍ക്കും ഇടയില്‍ തീര്‍ത്ത ക്ളാസ് റൂമിലിരുന്ന് ഇനി കുട്ടികള്‍ക്ക് പഠിക്കാം. മേല്‍ക്കൂരക്ക് പകരം ഇലകളുടെ സമൃദ്ധിയുമായി മുളങ്കൂട്ടവും പന്തലിച്ചു പടര്‍ന്ന ചെടികളുമാണ്. വിദ്യാഭ്യാസത്തെ പ്രകൃതിക്ക് അനുകൂലമാക്കുക എന്ന സന്ദേശംകൂടി പകര്‍ന്നു നല്‍കുന്നതരത്തിലാണ് ക്ളാസ്മുറി വിഭാവനം ചെയ്തിരിക്കുന്നത്. കരിമ്പലകയും ചോക്കും കോപ്പിയെഴുത്തുമില്ലാത്ത ക്ളാസിലിരുന്ന് പാഠപുസ്തകത്തിനു പുറത്തുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും തമ്മില്‍ സംവാദങ്ങളിലേര്‍പ്പെടാം. അധ്യാപകനിലേക്ക് കേന്ദ്രീകരിക്കുന്ന സാമ്പ്രദായിക ക്ളാസ് മുറിയുടെ ചിട്ടവട്ടങ്ങളെ ഒഴിവാക്കി, കുട്ടികളുടെ കൂട്ടായ്മക്കും കൂടിയാലോചനകള്‍ക്കും സൗകര്യപ്രദമായ വിധത്തിലാണ് ക്ളാസ് മുറിയുടെ നിര്‍മാണഘടന. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്‍െറ ഓര്‍മയില്‍ ‘അബ്ദുല്‍ കലാം മെമ്മോറിയല്‍ ഓപണ്‍ ക്ളാസ് റൂം’ എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് പ്രചോദനമാകുന്നതരത്തില്‍ അദ്ദേഹത്തിന്‍െറ പുസ്തകങ്ങളില്‍നിന്നുള്ള വരികളും പ്രസംഗത്തിലും അഭിമുഖത്തിലുംനിന്നെടുത്ത ഉദ്ധരണികളും ജീവചരിത്രക്കുറിപ്പുകളും ചിത്രങ്ങളും ചുറ്റും പതിപ്പിച്ചിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്‍െറ ധനസഹായത്തോടെ തീര്‍ത്ത ഓപണ്‍ ക്ളാസ് മുറി സ്കൂള്‍ പ്രവേശന ദിവസം സി. ദിവാകരന്‍ എം.എല്‍.എ കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. ജില്ലാ, ബ്ളോക്, പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കൊപ്പം കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. അനില, പി.ടി.എ പ്രസിഡന്‍റ് കൃഷ്ണകുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ രത്നകുമാര്‍, ഹെഡ്മിസ്ട്രസ് ബിന്ദു, വി.എച്ച്. എസ്.ഇ പ്രിന്‍സിപ്പല്‍ എസ്. ബീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.