മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്കാനിങ് രജിസ്ട്രേഷന്‍ നിര്‍ത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന എം.ആര്‍.ഐ സ്കാനിങ് യൂനിറ്റില്‍ സ്കാന്‍ എടുക്കുന്നതിനായി രോഗികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ഇതോടെ സൗജന്യമായും കുറഞ്ഞനിരക്കിലും എം.ആര്‍.ഐ സ്കാന്‍ എടുക്കാനുള്ള പാവപ്പെട്ട രോഗികളുടെ ഏക ആശ്രയം ഇല്ലാതായി. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ വിദഗ്ധ ചികിത്സക്കായി പലര്‍ക്കും എം.ആര്‍.ഐ സ്കാന്‍ ആവശ്യമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കായി ഒരൊറ്റ എം.ആര്‍.ഐ സ്കാനിങ് മെഷീന്‍ മാത്രമാണുള്ളത്. എം.ആര്‍.ഐ സ്കാനിങ് ആവശ്യമായ രോഗികളുടെ എണ്ണം വര്‍ധിച്ചതും മെഡിക്കല്‍ കോളജിലെ സ്കാനിങ് മെഷീന്‍െറ പരിമിതികളും കാരണമാണ് അനിശ്ചിതകാലത്തേക്ക് രജിസ്ട്രേഷന്‍ നിര്‍ത്തിവെക്കാന്‍ കാരണം. 2016 ഡിസംബര്‍ 31 വരെ പുതിയ രജിസ്ട്രേഷന്‍ സ്വീകരിക്കേണ്ടെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ള രോഗികള്‍ക്ക് കുറഞ്ഞ നിരക്കുകളിലുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് എം.ആര്‍.ഐ സ്കാന്‍ എടുത്തുനല്‍കുന്നത്. സ്കാനിങ് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കിയതോടെ പാവപ്പെട്ടവരും നിര്‍ധനരുമായ നൂറുകണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ സ്കാനിങ് സ്ഥാപനങ്ങള്‍ ആയിരങ്ങളും പതിനായിരത്തിലധികവും രൂപയാണ് വിവിധ സ്കാനിങ്ങുകള്‍ക്കായി ഈടാക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്കാന്‍ സ്ഥാപിക്കപ്പെട്ടത്. മെഡിക്കല്‍ കോളജ്, എസ്.എ.ടി ആശുപത്രി, സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള എല്ലാ രോഗികള്‍ക്കുംകൂടി സ്ഥാപിച്ചിരിക്കുന്ന ഒരൊറ്റ എം.ആര്‍.ഐ സ്കാനിങ് യൂനിറ്റാണ് ഇപ്പോള്‍ രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ച് രോഗികളുടെ വിദഗ്ധചികിത്സ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി എന്നീ ഒ.പി വിഭാഗങ്ങളില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് വിദഗ്ധചികിത്സതേടി എത്തുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും എം.ആര്‍.ഐ സ്കാന്‍ ആവശ്യമായി വരാറുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എം.ആര്‍ ഐ സ്കാനിങ് സേവനം നിലച്ചതോടെ നിരവധി സ്വകാര്യ സ്കാനിങ് യൂനിറ്റുകള്‍ക്ക് ചാകരക്കാലമായി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാന്‍പറ്റാത്ത നിരക്കുകളാണ് സ്വകാര്യന്മാര്‍ ഈടാക്കുന്നത്. സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളുടെ പിടിച്ചുപറി കാരണം നിരവധി രോഗികള്‍ തുടര്‍ചികിത്സക്ക് വഴിയില്ലാതെ കുഴങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.