തിരുവനന്തപുരം: നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരം ലക്ഷ്യമിട്ട് ആരംഭിച്ച ‘പേ ആന്‍ഡ് പാര്‍ക്കിങ്’ സംവിധാനം വ്യാപിപ്പിക്കാന്‍ നടപടിയില്ല. വാഹനത്തിരക്ക് രൂക്ഷമായിട്ടും എം.ജി റോഡില്‍ നടപ്പാക്കി വിജയംകണ്ട പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ നീളുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് കോര്‍പറേഷനും ട്രാഫിക് പൊലീസും ചേര്‍ന്ന് എം.ജി റോഡില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ആരംഭിച്ചത്. അത് വളരെയേറെ ഗുണം ചെയ്യുകയും അതിന്‍െറ അടിസ്ഥാനത്തില്‍ പദ്ധതി നഗരത്തിന്‍െറ മറ്റ് ജങ്ഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. രണ്ടാംഘട്ടമായി വെള്ളയമ്പലം-ശാസ്തമംഗലം റോഡില്‍ ആരംഭിക്കാനായിരുന്നു തീരുമാനം. ഇതുവരെ അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. കോര്‍പറേഷനിലെ പ്രതിപക്ഷത്തിന്‍െറ തര്‍ക്കമാണ് പദ്ധതി നടപ്പാക്കാന്‍ തടസ്സമെന്നാണ് കോര്‍പറേഷന്‍ വാദം. വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത് വ്യാപാരികളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഓണത്തിന് മുമ്പുതന്നെ സര്‍വകക്ഷിയോഗം വിളിച്ച് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് മേയര്‍ വി.കെ. പ്രശാന്ത് പറയുന്നത്. പുളിമൂട് മുതല്‍ കിഴക്കേകോട്ട വരെ ഇരുചക്രവാഹനങ്ങളും കാറുകളും പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇപ്പോഴുള്ളത്. കോര്‍പറേഷന്‍ അനുമതിയോടെ ട്രാഫിക് പൊലീസ് നിയോഗിച്ച വാര്‍ഡന്‍മാരാണ് ഫീസ് പിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു മണിക്കൂറിന് രണ്ടുരൂപയും കാറിന് 10 രൂപയുമാണ് പാര്‍ക്കിങ് ഫീസ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ് എം.ജി റോഡില്‍ പാര്‍ക്കിങ് സംവിധാനമുള്ളത്. രാവിലെയും ഉച്ചക്കും പത്തുപേരെന്ന ക്രമത്തില്‍ 200 മീറ്റര്‍ ഇടവിട്ടാണ് ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങ് തടയാന്‍ ഈ സംവിധാനം വളരെയധികം സഹായകമായിട്ടുണ്ട്. മാത്രമല്ല, വാര്‍ഡന്‍മാരുടെ നിയന്ത്രണം എപ്പോഴും ഉള്ളതുകൊണ്ട് അപകടങ്ങളും ഗതാഗതതടസ്സങ്ങളും ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്. മൂന്നാംഘട്ടം പട്ടം- കേശവദാസപുരം റോഡിലും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഇവിടങ്ങളിലൊക്കെ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ട്രാഫിക് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനുമിടയില്‍ നിലവില്‍ 12 ഇടത്താണ് പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. എങ്കിലും കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ പാര്‍ക്കിങ് തലവേദനയായി മാറുന്നുണ്ട്. ഈ ഭാഗത്തെ വ്യാപാര സമുച്ഛയങ്ങളിലത്തെുന്ന വാഹനങ്ങളും ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. അതേസമയം, എം.ജി റോഡിലെ പാര്‍ക്കിങ് സംവിധാനത്തില്‍ വ്യാപാരികളില്‍ നിന്നോ വാഹന ഉടമകളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ല. നിയന്ത്രണം വന്നതിനുശേഷം ഇവിടെ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും തങ്ങളുടെ വാഹനത്തിന്‍െറ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് വാഹന ഉടമകള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.