തോണിക്കടവ് തൂക്കുപാലത്തിലൂടെ യാത്ര നിരോധിച്ചു

ആറ്റിങ്ങല്‍: തുരുമ്പെടുത്ത് അപകടാവസ്ഥയിലായ അഞ്ചുതെങ്ങ് തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു. പാലത്തിന്‍െറ ദുരവസ്ഥ കാണിച്ച് വിദ്യാര്‍ഥികള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫണ്ട് അനുവദിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതിനിടയിലാണ് പൂര്‍ണ അപകടാവസ്ഥയിലായ പാലം അടച്ചത്. അറ്റകുറ്റപ്പണികള്‍ക്കുശേഷമേ പാലം തുറന്ന് നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ചുതെങ്ങ് സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസിലെയും സെന്‍റ് അലോഷ്യസ് എച്ച്.എസിലെയും അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ അഞ്ച് വര്‍ഷമായി ഈ പാലത്തിലൂടെയാണ് സ്കൂളുകളില്‍ പോകുന്നത്. അഞ്ചുതെങ്ങ് നിവാസികള്‍ കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് ഭാഗങ്ങളിലേക്ക് പോകുന്നതിനും പാലത്തിനെയാണ് ആശ്രയിക്കുന്നത്. അഞ്ചുതെങ്ങ് കായലിന് കുറുകെ തോണിക്കടവില്‍ നിര്‍മിച്ചിട്ടുള്ള പാലത്തിന് 50 മീറ്ററിലേറെ നീളമുണ്ട്. കായലിലെ ജലനിരപ്പില്‍ നിന്ന് 12അടിയോളം പൊക്കവുമുണ്ട്. പാലം സ്ഥിതി ചെയ്യുന്ന ഭാഗത്ത് കായലിന്‍െറ ആഴവും കൂടുതലാണ്. ഉദ്ഘാടനം ചെയ്തില്ളെങ്കിലും പണിപൂര്‍ത്തിയായത് മുതല്‍ ഇരുകരയിലുമുള്ളവര്‍ കടത്തുവള്ളം ഉപേക്ഷിക്കുകയും പാലത്തിലൂടെ മാത്രം സഞ്ചരിക്കുകയുമാണ്. അഞ്ചുതെങ്ങ്-കടയ്ക്കാവൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കടത്തുവള്ളം മറിഞ്ഞ് സ്കൂള്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നത് വ്യാപകമായതോടെ അടിയന്തരനടപടിയെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ 2010ല്‍ സംസ്ഥാനത്തുടനീളം സ്കൂള്‍ കുട്ടികള്‍ കൂടുതലായി ആശ്രയിക്കുന്ന കടത്തുകളില്‍ തൂക്കുപാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായാണ് അഞ്ചുതെങ്ങിലും തൂക്കുപാലം പണിതത്. റവന്യൂ വകുപ്പ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള 57 ലക്ഷം രൂപ ചെലവഴിച്ച പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇരുവശത്തും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷം അവയെ തമ്മില്‍ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികളും പൈപ്പുകളും ഇരുമ്പ് റോപ്പും ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. കമ്പികളും പൈപ്പുകളും തമ്മിലുള്ള വെല്‍ഡിങ്ങുകള്‍ ഒരു മാസത്തിനുള്ളില്‍ വ്യാപകമായി വിട്ടുമാറി. വെല്‍ഡിങ് നടത്തിയതിലെ പാകപ്പിഴയാണ് ഇളകിമാറുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ തുരുമ്പെടുക്കാന്‍ തുടങ്ങി വിവാദമായതോടെ പാലം ഉദ്ഘാടനം നടത്തിയിരുന്നില്ല. കടല്‍തീരത്ത്നിന്ന് 200 മീറ്ററിനുള്ളിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ലവണാംശം കൂടിയ കടല്‍കാറ്റേറ്റാണ് ഇരുമ്പ് പാലം വേഗത്തില്‍ തുരുമ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.