നഗരൂരില്‍ ക്വാറികള്‍ക്ക് അനുമതി; ഭരണപക്ഷത്ത് തമ്മിലടി

കിളിമാനൂര്‍: നഗരൂരില്‍ ക്വാറികള്‍ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണപക്ഷത്ത് തമ്മിലടി. വെള്ളല്ലൂര്‍ നന്തായ്വനം, നഗരൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത പാറക്വാറികള്‍ക്ക് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി (എന്‍.ഒ.സി) നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഹരജി നല്‍കുന്നത് സംബന്ധിച്ചാണ് ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദവും തമ്മിലടിയും ഉടലെടുത്തത്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാനടക്കം എതിര്‍ചേരിയില്‍ നില്‍ക്കുമ്പോള്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റ് മൗനാനുവാദം നല്‍കുന്നതായാണ് കമ്മിറ്റിയില്‍ ആരോപണമുയര്‍ന്നത്. നഗരൂരിലെ ക്വാറി പ്രവര്‍ത്തനം സംബന്ധിച്ചുള്ള ഡബ്ള്യു.എ 568/16, 4414/16, 572/16, 4444/16, 564/16, 4415/16 എന്നീ നമ്പറിലുള്ള കേസുകളില്‍ വാദം കേള്‍ക്കവെയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ക്വാറികളുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് അനുമതി വേണ്ടെന്നും ആക്ഷേപമുണ്ടെങ്കില്‍ മൂന്നാഴ്ചക്കുള്ളില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനം അറിയിക്കണമെന്നും ഉത്തരവിട്ടത്. കേസില്‍ പഞ്ചായത്തിന്‍െറ വാദം സമര്‍ഥിക്കാന്‍ യഥാവിധി കഴിയാത്തതിനാലാണ് പരാജയപ്പെട്ടതെന്നും ഭരണപക്ഷത്തെ ഒരു വിഭാഗം വാദിക്കുന്നു. ജൂണ്‍ 21ന് വന്ന ഉത്തരവിനെ തുടര്‍ന്ന് 28ന് പഞ്ചായത്തില്‍ കമ്മിറ്റി ചേര്‍ന്നെങ്കിലും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താതെ പ്രസിഡന്‍റും സെക്രട്ടറിയും ചേര്‍ന്ന് മാറ്റിയതില്‍ ബോധപൂര്‍വ വീഴ്ച വരുത്തിയതായി വിയോജനക്കുറിപ്പില്‍ വികസ സ്ഥിരംസമിതി ചെയര്‍മാന്‍ ആരോപിക്കുന്നു. അന്നേ ദിവസം കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചക്കെടുത്തിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അവസരം ഉണ്ടാകുമായിരുന്നെന്നും എതിര്‍പക്ഷം വാദിക്കുന്നു. ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയിലും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മാറ്റിവെക്കുകയും സമാന സ്വഭാവമുള്ള മറ്റൊരു കേസ് ചര്‍ച്ചക്കെടുക്കുകയും ചെയ്തു. ഇതും പരോക്ഷമായി ക്വാറികളെ സഹായിക്കാനായിരുന്നെന്നും ആരോപണമുണ്ട്. ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് മുഖവിലക്കെടുത്തില്ല. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പഞ്ചായത്ത് ഭരണസമിതി സ്വയം തിരുത്തല്‍ നടത്തണമെന്ന് നാട്ടുകാരും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. രണ്ട് സി.പി.ഐക്കാരും കോണ്‍ഗ്രസ് അംഗങ്ങളും സി.പി.ഐ അംഗം കെ. അനില്‍കുമാറിനൊപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.