പരസ്യ പ്രചാരണത്തിന് അതിരുവിടാതെ സമാപനം

നേമം: ആവേശം കത്തിക്കയറിയെങ്കിലും തമ്മില്‍ കലഹിക്കാതെ സംയമനത്തോടെ പിരിഞ്ഞ് പാര്‍ട്ടി അണികള്‍ നിശ്ശബ്ദ പ്രചാരണത്തിലേക്ക് കടന്നു. കോര്‍പറേഷന്‍ പാപ്പനംകോട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് സമാധാനപരമായ കൊട്ടിക്കലാശം. ബുധനാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വ്യാഴാഴ്ച വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് നീങ്ങും. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കലാശക്കൊട്ടിന് പൊലീസ് വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചിരുന്നു. പാപ്പനംകോട് ജങ്ഷനില്‍ സി.പി.എമ്മിനും കൈമനത്ത് കോണ്‍ഗ്രസിനും നീറമണ്‍കരയില്‍ ബി.ജെ.പിക്കും അനുവദിച്ചെങ്കിലും കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ കൊട്ടിക്കലാശം കൈമനത്ത് ഒന്നിച്ച് അരങ്ങേറി. മുന്നണികളെല്ലാം പരസ്യ പ്രചാരണത്തിന്‍െറ അവസാന നിമിഷം വാശിയിലായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും അതിരുവിട്ടില്ല. സ്ഥാനാര്‍ഥികളും പാര്‍ട്ടികളും വിജയം തങ്ങള്‍ക്കെന്ന ഉറച്ച വിശ്വാസത്തിലാണ്. മുന്‍ വാര്‍ഡ് കൗണ്‍സിലറായിരുന്ന ബി.ജെ.പിയിലെ ചന്ദ്രന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. വെള്ളിയാഴ്ച വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന, ജില്ലാ നേതാക്കള്‍, എം.എല്‍.എമാര്‍, കൗണ്‍സിലര്‍മാര്‍, മേയര്‍ ഉള്‍പ്പെടെ നേതാക്കളെല്ലാം പ്രചാരണത്തിന്‍െറ വിവിധ ഘട്ടങ്ങളിലത്തെിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയായ മോഹനനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അരുണ്‍ വിഷ്ണുവും ബി.ജെ.പി സ്ഥാനാര്‍ഥിയായി ആശാനാഥുമാണ് മത്സര രംഗത്ത്. പട്ടിക ജാതി ജനറല്‍ വാര്‍ഡായ ഇവിടെനിന്ന് കഴിഞ്ഞ തവണ ചന്ദ്രന്‍ 2518 വോട്ട് നേടിയാണ് വിജയിച്ചത്. അതേസമയം, കേവല ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് വിജയം അനിവാര്യമാണ്. മാത്രമല്ല, ഒരിക്കല്‍ തങ്ങളുടെ കുത്തക സീറ്റായിരുന്നിടം തിരിച്ചുപിടിക്കുക എന്ന അഭിമാന പ്രശ്നവുമുണ്ട്. കൈമനം, നീറമണ്‍കര, ശങ്കര്‍ നഗര്‍, കോളജ് റോഡ്, ആഴാങ്കല്‍ നരിച്ചില്‍ ഭാഗം, പാപ്പനംകോട് വിശ്വംഭരന്‍ റോഡിന്‍െറ ഒരു വശം, തോപ്പുമുക്ക്, ഇടഗ്രാമം ഉള്‍പ്പെടെ ആറ് വാര്‍ഡുകളാണുള്ളത്. രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.