‘കോബ്ര കോളിങ്... ടാര്‍ഗറ്റ് അച്ചീവായോ...?’

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ ക്രമസമാധാനപാലനത്തിനിറങ്ങുന്ന പൊലീസുകാര്‍ ‘കോബ്ര’ ഭീതിയില്‍. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറാണ് ‘കോബ്ര’. അടിയന്തരഘട്ടങ്ങളില്‍ ജനങ്ങളുടെ അടുത്തേക്ക് ഓടിയത്തൊന്‍ നിയോഗിക്കപ്പെട്ട കണ്‍ട്രോള്‍ റൂം വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കമീഷണര്‍ ടാര്‍ഗറ്റ് നല്‍കിയതാണ് പ്രശ്നകാരണം. ദിവസം മദ്യപിച്ച് വാഹനം ഓടിക്കുന്ന 15 കേസുകള്‍ പിടികൂടിയേ തീരൂ. ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്ന പത്തുപേരെയും പിടിക്കണം. പിടികൂടിയാല്‍ മാത്രം പോര, പിഴചുമത്തുന്നതിന്‍െറ ദൃശ്യങ്ങള്‍ വാട്സ്ആപ് വഴി കൈമാറുകയും വേണം. എന്തിനാണ് ഇത്തരം പരിഷ്കാരങ്ങളെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഉത്തരമുണ്ടെങ്കിലും ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് പൊലീസുകാര്‍. ‘കോബ്ര കോളിങ്’ എന്ന് കമീഷണറുടെ ശബ്ദം വയര്‍ലെസ് സെറ്റിലത്തെുമ്പോഴേക്കും ഉദ്യോഗസ്ഥര്‍ കേസുകളുടെ കണക്ക് കൃത്യമായി ബോധിപ്പിക്കണമത്രെ. ഇല്ലാത്തപക്ഷം പ്രശ്നം വഷളാകും. ഇതോടെ, എന്തുവില കൊടുത്തും ‘നിയമലംഘകരെ’ പിടികൂടാനുള്ള തത്രപ്പാടിലാണ് പൊലീസുകാര്‍. നിസ്സാരകുറ്റങ്ങള്‍ക്ക് യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുന്നതിനോട് പല ഉദ്യോഗസ്ഥര്‍ക്കും മടിയാണ്. പക്ഷേ, മുകളില്‍നിന്നുള്ള സമ്മര്‍ദം സഹിക്കാതാകുമ്പോള്‍ ചെയ്യേണ്ട ദുരവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ടാര്‍ഗറ്റ് നല്‍കുന്ന സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് പൊലീസ് ഉന്നതര്‍ ആവര്‍ത്തിക്കുമ്പോഴും താഴത്തെട്ടില്‍ ഇതൊന്നും ബാധകമല്ല. മിക്കയിടങ്ങളിലും പൊലീസുകാര്‍ നടുറോഡില്‍ കയറിനിന്ന് വാഹനങ്ങള്‍ കൈകാണിക്കുന്നത് പതിവാണ്. ഇത് അപകടങ്ങള്‍ക്കിടയാക്കുന്നു. വളവുകളില്‍ പതിയിരുന്ന് വാഹനങ്ങള്‍ക്ക് കൈകാണിക്കരുതെന്നും ഒരേസമയം ഒന്നിലധികം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തരുതെന്നും നിര്‍ദേശമുണ്ട്. പക്ഷേ, ഇതൊക്കെ അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീകളും കുട്ടികളുമായി പോകുന്ന ഇരുചക്രവാഹനയാത്രക്കാരെപ്പോലും തടഞ്ഞുനിര്‍ത്തി ദ്രോഹിക്കുന്ന പൊലീസുകാരും നിരവധിയാണ്. ഹൈവേസൈഡിലെ ചില പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് ഹരമാണ്. എത്രയുംവേഗം ടാര്‍ഗറ്റ് പൂര്‍ത്തിയാക്കി അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങാനാണ് ഇവരുടെ താല്‍പര്യം. സ്കൂള്‍ സമയത്ത് കരമന, പാപ്പനംകോട് ഭാഗങ്ങളിലെ പൊലീസ് പരിശോധന കുപ്രസിദ്ധമാണ്. റോഡില്‍ അപകടക്കെണിയൊരുക്കിയുള്ള പരിശോധനക്കെതിരെ ജനവികാരം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.