ആറ്റിങ്ങല്‍: നഗരസഭയുടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ആറ്റിങ്ങള്‍ ശ്രീപാദം സ്റ്റേഡിയം ശുചീകരിക്കാന്‍ കുട്ടിപൊലീസുകാര്‍. കാടുപിടിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്ന ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലേയും ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ചത്. കളിസ്ഥലവും ട്രാക്കും ഉള്‍പ്പെടെ കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കാഡറ്റുകള്‍ കാട് വെട്ടിത്തെളിച്ച് സ്റ്റേഡിയവും പരിസരവും വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ കായികപരിശീലകരും ഒപ്പംചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു എന്നിവര്‍ പങ്കെടുത്തു. സ്പോര്‍ട്സ് കൗണ്‍സില്‍ നേരിട്ട് നടത്തുന്ന സ്പോര്‍ട്സ് ഹോസ്റ്റലും സ്റ്റേഡിയവും അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന് കാണിച്ച് ആറ്റിങ്ങല്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഘട്ടംഘട്ടമായി തുടര്‍ന്നും ശുചീകരണത്തിന് പദ്ധതിയിട്ടിരിക്കുകയാണ് സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍. ആറ്റിങ്ങല്‍ സി.ഐ ജി. സുനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എസ്. പ്രശാന്തന്‍, വി. ഷാജി, എന്‍. സാബു, എസ്. സബീല, എസ്. സൈജാറാണി എന്നിവര്‍ നേതൃത്വംനല്‍കി. സ്റ്റേഡിയം കോംപ്ളക്സിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. സെപ്റ്റിക് ടാങ്കുള്‍പ്പെടെ മാറ്റിസ്ഥാപിച്ചു. പ്ളംബിങ് ജോലികളും നടക്കുകയാണ്. ഇതിനോടൊപ്പമാണ് സ്റ്റേഡിയം ശുചീകരിക്കാന്‍ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളും രംഗത്തിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.