തിരുവനന്തപുരം: രുചിയൂറും ചക്കകളുടെ വൈവിധ്യവുമായി അനന്തപുരി ചക്കമഹോത്സവത്തിന് തുടക്കം. ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ട്യവും ശാന്തിഗ്രാമവും സംയുക്തമായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 10ദിവസത്തെ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പനയുമാണ് ഒരുക്കുന്നത്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത രുചിയിലും വലിപ്പത്തിലുമുള്ള ചക്കകളാണുള്ളത്. 300ല്‍പരം ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്കോര്‍ട്ടും മേളയുടെ പ്രത്യേകതയാണ്. ഇതോടൊപ്പം സെമിനാറുകള്‍, പ്ളാവിന്‍ തൈ വില്‍പന, ജൈവോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. വരിക്കച്ചക്ക കൊണ്ട് ഉണ്ടാക്കിയ 10കൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന മേളയാണിത്. ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവക്ക് പുറമെ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. കൂടാതെ ചക്ക പായസവുമുണ്ട്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയും വില്‍പനക്കുണ്ട്. ചക്ക സ്ക്വാഷുകള്‍, ചക്ക ജാമുകള്‍ തുടങ്ങിയവയുടെ വില്‍പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. പ്രദര്‍ശനം കാണാനത്തെുന്നവര്‍ക്ക് പ്ളാവിന്‍തൈകള്‍ വിതരണം ചെയ്യും. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.