നെയ്യാര്‍ ‘കരഞ്ഞൊഴുകുകയാണ്’; മണലൂറ്റ് വ്യാപകം

പാറശ്ശാല: നടപടികള്‍ ഇനിയും വൈകിയാല്‍ ഒരുനദി കൂടി നമുക്ക് അന്യമാകും. നെയ്യാറ്റിന്‍കരയിലെ ഏക ജലസ്രോതസ്സായ നെയ്യാര്‍ മണലൂറ്റില്‍ മരിക്കുകയാണ്. രാഷ്ട്രീയ പിന്‍ബലവും ഉദ്യോഗസ്ഥരുടെ ഒത്താശയും കൈകോര്‍ത്തതോടെ മാസങ്ങളായി ലോഡുകണക്കിന് മണലാണ് പുറത്തേക്കൊഴുകുന്നത്. ചെങ്കല്‍ പഞ്ചായത്തിലെ കാഞ്ഞിരമൂട്ട് കടവ്, നൊച്ചിയൂര്‍, പിരായുംമൂട് പാലത്തിന്സമീപം എന്നിവിടങ്ങളിലാണ് രാത്രി 11ഓടെ മണലൂറ്റ് തകൃതിയാകുന്നത്. പുലര്‍ച്ചെ മൂന്നിന് മുമ്പുതന്നെ ലോഡ് കണക്കിന് മണല്‍ ഖനനംചെയ്ത് മണല്‍ മാഫിയ കടത്തും. കുളിക്കടവ് പോലും ഒഴിവാക്കാതെ നടക്കുന്ന മണലൂറ്റ് നാട്ടുകാരുടെ ജീവനും ഭീഷണിയാകുന്നു. പാറശ്ശാല സ്റ്റേഷനിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് മണല്‍ഖനനം. രാത്രി പട്രോളിങ്ങിനെക്കുറിച്ച് വ്യക്തമായ വിവരം മണല്‍ മാഫിയക്ക് യഥാസമയം ലഭിക്കുന്നുന്നുണ്ടെന്നതും ശ്രദ്ദേയം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രമുഖ സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ക്കായി മണല്‍ ലോബി വന്‍ തുക ചെലവിട്ടിരുന്നു. ആഴ്ചകള്‍ തോറും പരിശോധനയും ഡസന്‍ കണക്കിന് വള്ളങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്ന പൊലീസ് ഇപ്പോള്‍ മണലൂറ്റ് ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. പടി കൃത്യമായി ലഭിക്കുന്നതാണ് മണല്‍ ലോബിയോട് മൃദുസമീപനത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പാറശ്ശാല, പൊഴിയൂര്‍ പ്രദേശത്തെ റവന്യൂ, പൊലീസ്, പഞ്ചായത്ത് വകുപ്പുകളില ഉദ്യോഗസ്ഥര്‍ക്കും ഇവരുമായി ബന്ധമുണ്ട്. സ്ഥിരം മണലൂറ്റ് കേസിലെ പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. മണലൂറ്റിനായി ആറിന് സമീപം ഭൂമി നല്‍കുന്ന വസ്തു ഉടമകള്‍ക്കെതിരെ നടപടിയെടുക്കമെന്ന പ്രഖ്യാപനവും ജലരേഖയായി. നാലുവര്‍ഷം മുമ്പ് റെയ്ഡില്‍ ചെങ്കല്‍ പഞ്ചായത്തിലെ രണ്ടിടത്തുനിന്നായി പൊലീസ് പിടികൂടി സൂക്ഷിച്ച നാല്‍പത്തിയഞ്ചോളം വള്ളങ്ങളില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളത് തകര്‍ന്ന മൂന്നില്‍ താഴെ എണ്ണം മാത്രമാണ്. വര്‍ഷങ്ങളോളം പൊലീസ് കാവലില്‍ കഴിഞ്ഞിരുന്ന തൊണ്ടിമുതല്‍ അപ്രത്യക്ഷമായിട്ടും ഒരു മോഷണക്കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും അതിശയമാണ്. മണലൂറ്റില്‍ കാഞ്ഞിരമൂട് കടവിന് എതിര്‍വശത്തെ ഡാളിയുടെ വീട് പൂര്‍ണമായും നദിയിലായിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഹരിത എം.എല്‍.എമാര്‍ സ്ഥലത്തത്തെി ശാശ്വതപരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പലഭാഗത്തും രൂക്ഷമായ മണലൂറ്റില്‍ നെയ്യാര്‍ ഗതിമാറിയാണ് ഒഴുകുകയാണ്. നദിയുടെ മാറ് പിളര്‍ക്കുന്ന മാഫിയക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.