കൊല്ലം: നഗരത്തിലെ വഴിവിളക്കുകളെല്ലാം ഓണത്തിനുമുമ്പ് പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. വഴിവിളക്കുകളുടെ പരിപാലനത്തിന് ഇപ്പോള്‍ നല്‍കിയിട്ടുള്ള കരാര്‍ റദ്ദാക്കുന്നത് ആലോചനയിലാണ്. കരാറെടുത്തവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണിത്. കേടായ സോഡിയം വേപ്പര്‍ ലാമ്പുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് നഗരത്തിലെ പ്രധാന പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കൗണ്‍സില്‍ ഇടപെടും. മേവറം മുതല്‍ ശക്തികുളങ്ങര വരെ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള എല്ലാ തെരുവുവിളക്കും എല്‍.ഇ.ഡി സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ വൈദ്യുതി ഉപയോഗത്തില്‍ വന്‍കുറവുണ്ടാവും. മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്ബാള്‍ ടൂര്‍ണമെന്‍റ് പുനരാരംഭിക്കുമെന്ന് പൊതുചര്‍ച്ചക്കുള്ള മറുപടിയില്‍ മേയര്‍ വ്യക്തമാക്കി. ലാല്‍ ബഹദൂര്‍ സ്റ്റേഡിയം കോര്‍പറേഷന് വിട്ടുകിട്ടുന്നത് സംബന്ധിച്ച് സര്‍ക്കാറിന് കത്തുനല്‍കിയിട്ടുണ്ട്. ഇവിടെ ഫ്ളഡ്ലിറ്റ് ലൈറ്റുകളടക്കം സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി കായികവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കും. നഗരത്തിലെ വിവിധ ജങ്ഷനുകളുടെ വികസനത്തിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. നവീകരണശേഷം നിബന്ധനകളോടെ അവരുടെ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. കോര്‍പറേഷന്‍ പരിധിയിലെ തങ്കശ്ശേരിയടക്കം മാര്‍ക്കറ്റുകളുടെ നവീകരണത്തിന് ഫിഷറീസ് വകുപ്പിന്‍െറ സഹകരണം ഉറപ്പാക്കും. സ്വീവേജ് പദ്ധതിക്ക് ഫണ്ട് ലഭിക്കാത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പദ്ധതി നിര്‍ത്തിവെച്ചിട്ടില്ളെന്നും ചോദ്യത്തിന് മേയര്‍ മറുപടി നല്‍കി. നഗരത്തിലെ തെരുവുവിളക്ക് പ്രശ്നത്തില്‍ രൂക്ഷമായ വിമര്‍ശം പൊതുചര്‍ച്ചയില്‍ മിക്ക കൗണ്‍സിലര്‍മാരും നടത്തി. വഴിവിളക്കുകള്‍ കത്താതായതോടെ ജനത്തെ അഭിമുഖീകരിക്കാനും പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. കോര്‍പറേഷനുകീഴില്‍ എഫ്.എം റേഡിയോ സ്റ്റേഷന്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍ അറിയിച്ചു. മേവറം മുതല്‍ ശക്തികുളങ്ങരെ വരെ പ്രധാന സ്ഥലങ്ങളില്‍ ബസ്ബേ നിര്‍മിക്കുന്നതും പരിഗണിക്കും. 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക്കുകള്‍ പിടിച്ചെടുക്കാനുള്ള പരിശോധന 25 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജയന്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ടി.ആര്‍. സന്തോഷ്കുമാര്‍, എ.കെ. ഹഫീസ്, ഹണി ബെഞ്ചമിന്‍, മീനാകുമാരി, ബേബി സേവ്യര്‍, കോകില എസ്. കുമാര്‍, എസ്.രാജ്മോഹനന്‍, എ.നിസാര്‍, പ്രശാന്ത്, വിനീത വിന്‍സെന്‍റ്, അജിത്കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.