തിരുവനന്തപുരം: എസ്.എ.ടിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക്. ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷമായി ജോലിചെയ്ത ജീവനക്കാര്‍ക്കാണ് സര്‍ക്കാര്‍ മാറിയതോടെ തൊഴില്‍ നഷ്ടപ്പെട്ടത്. സംസ്ഥാനമൊട്ടാകെ പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്ന സാഹചര്യത്തില്‍ 2013 ജൂണിലാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലും എസ്.എ.ടി ആശുപത്രിയിലും വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാറും ആരോഗ്യവകുപ്പും തീരുമാനിച്ചത്. തീരുമാനപ്രകാരം നഴ്സുമാര്‍, നഴ്സിങ് എയ്ഡ്മാര്‍, ശുചീകരണ ജീവനക്കാര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. കാലാകാലങ്ങളില്‍ ഇവരുടെ കരാര്‍ പുതുക്കിനല്‍കിയിരുന്നത് 2016 ജൂണില്‍ റദ്ദാക്കി. ഇതോടെ അറുപതിലധികം കുടുംബങ്ങള്‍ വഴിയാധാരമായി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് മൂന്ന് വര്‍ഷത്തില്‍ അധികമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ തീരുമാനമായത്. ജോലി നഷ്ടപ്പെട്ടവര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, എസ്.എ.ടി സൂപ്രണ്ട് എന്നിവരെ സമീപിച്ചെങ്കിലും സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയില്ളെന്ന നിലപാടിലായിരുന്നു അധികൃതര്‍. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ മാത്രം കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാര്‍, നഴ്സിങ് എയ്ഡ്മാര്‍, ക്ളീനിങ് സ്റ്റാഫ് എന്നീ തസ്തികകളില്‍ 62പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇത്രതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സേവനം നോക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളവും നല്‍കിയിട്ടില്ല. ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയാറാവാത്ത സാഹചര്യത്തിലാണ് സമരം ആരംഭിച്ചതെന്ന് ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ അറിയിച്ചു. പത്തിലധികം വരുന്ന വിധവകള്‍, വിഭിന്ന ശേഷിയുള്ള നാലുപേര്‍, മറ്റ് ജോലികള്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതോടെയാണ് ഇവര്‍ എസ്.എ.ടി ആശുപത്രി പടിക്കല്‍ സമരം ആരംഭിച്ചത്. സമരം 20 ദിവസം പിന്നിടുമ്പോഴും ചര്‍ച്ച നടത്താനോ തിരിച്ചെടുക്കാനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ച ജീവനക്കാരെല്ലാം കോണ്‍ഗ്രസുകാരോ യു.ഡി.എഫ് അനുഭാവികളോ ആണെന്ന് ധരിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ നടപടിയെന്നും ആരോപണമുണ്ട്. പകരം പുതിയ കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായും പറയപ്പെടുന്നു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് പകരമായി ഇടത് അനുഭാവികളെയും ഇടത് രാഷ്ട്രീയപ്രവര്‍ത്തകരുടെ താല്‍പര്യക്കാരെയും തിരുകിക്കയറ്റാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. 2013ല്‍ താല്‍ക്കാലികമായി നിയമനം ലഭിച്ചവര്‍ക്ക് അധികൃതര്‍ നല്‍കിയ ഉത്തരവിന്‍പ്രകാരം കാലാവധി ആറുമാസം, മൂന്ന് വര്‍ഷം എന്നിങ്ങനെയായിരുന്നു. നിശ്ചിത കാലാവധി കഴിയുന്ന മുറക്ക് കരാര്‍ പുതുക്കി നല്‍കുകയായിരുന്നു പതിവ്. കരാര്‍ പുതുക്കി നല്‍കിയ ഉത്തരവ് വരാന്‍ ആഴ്ചകള്‍ കഴിയുമെങ്കിലും ഉത്തരവ് ലഭിച്ചില്ളെങ്കിലും പതിവുപോലെ മൂന്നു വര്‍ഷമായി മുടങ്ങാതെ ജോലിചെയ്തിരുന്നവരുടെ ഭാവിയാണ് ഇതോടെ പെരുവഴിയിലായത്. താല്‍ക്കാലിക ജീവനക്കാരുടെ ജോലി നിഷേധിക്കപ്പെട്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിലെ പ്രവര്‍ത്തങ്ങള്‍ മൂന്നാഴ്ചയായി ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. വാര്‍ഡുകളില്‍ നഴ്സുമാരുടെ കുറവും നഴ്സിങ് അസിസ്റ്റന്‍റുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ ഗണ്യമായ കുറവും സംഭവിച്ചതാണ് പ്രവര്‍ത്തനങ്ങള്‍ തകിടംമറിയാന്‍ കാരണം. ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാവാത്ത സാഹചര്യത്തില്‍ വരുംദിനങ്ങളില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാകും എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.