അധികൃതരുടെ അനാസ്ഥ: വള്ളക്കടവ് ബോട്ട്പുര നശിക്കുന്നു

വള്ളക്കടവ്: പഴമയുടെ പ്രതീകമായ വള്ളക്കടവ് ബോട്ട്പുര അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംരക്ഷിത സ്മാരകങ്ങളുടെയും സ്ഥാപനങ്ങളുടെയും അതിന്‍െറ തനിമ നിലനിര്‍ത്തി സംരക്ഷിക്കുമെന്ന സര്‍ക്കാറിന്‍െറയും പുരാവസ്തു വകുപ്പിന്‍െറയും പ്രഖ്യാപനം രേഖകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ബോട്ട്പുരക്ക് മുന്നിലൂടെ ഒഴുകുന്ന പാര്‍വതി പുത്തനാര്‍ കുളവാഴകളും മാലിന്യം നിറഞ്ഞ് രോഗം വിതക്കുന്ന അവസ്ഥയിലാണ.് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോട്ട്പുരയുടെ നവീകരണത്തിന് തുക മാറ്റിവെച്ച് പണി ആരംഭിച്ചെങ്കിലും ഭരണം മാറിയതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പിന്നീട് എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ബോട്ട്പുര സംരക്ഷണത്തിനും പുത്തനാര്‍ നവീകരണത്തിനുമായി വീണ്ടും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതി കടലാസിലൊതുങ്ങി. ഇതോടെ മാലിന്യം തള്ളുന്ന സ്ഥലമായി ബോട്ട്പുരയും പുത്തനാറും മാറി. ദേശീയപാതയും റെയിവേ സ്റ്റേഷനും വിമാനത്താവളവും വരുന്നതിനു മുമ്പ് സംസ്ഥാനത്തെ പ്രധാന ജലഗതാഗത മാര്‍ഗം പാര്‍വതി പുത്തനാറായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ചരക്കുകളും കാര്‍ഷിക വിളകളും മറ്റു സാമഗ്രികളും തലസ്ഥാനത്തത്തെിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. 19ാം നൂറ്റാണ്ടിന്‍െറ ആദ്യകാലത്താണ് ബോട്ട്പുര നിര്‍മിച്ചത്. പുത്തനാറില്‍നിന്ന് ബോട്ടുപുരയില്‍ എത്തിച്ചശേഷമാണ് ചരക്കുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. അങ്ങനെ വാണിജ്യ വ്യവസായങ്ങളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു വള്ളക്കടവിലെ ബോട്ടുപുര. ആദ്യകാലത്ത് റെയില്‍വേ സ്റ്റേഷന്‍ ചാക്കയില്‍ ആയിരുന്നതിനാല്‍ അതും ബോട്ടുപുരക്ക് ഏറെ പ്രധാന്യം നല്‍കി. ചാക്കയില്‍ നിന്ന് ചരക്കുകള്‍ തലസ്ഥാനത്ത് എത്തിച്ചിരുന്നത് പാര്‍വതിപുത്തനാറിലൂടെ ബോട്ടുപുരയില്‍ എത്തിച്ചാണ്. ചാക്കയല്‍ റെയില്‍വേ സ്റ്റേഷന്‍ നിലനിന്ന സ്ഥലമാണ് പിന്നീട് എയര്‍പോര്‍ട്ടിനായി കണ്ടത്തെിയത്. എന്നാല്‍, ഇന്ന് മലിനജലം കടലിലേക്ക് ഒഴുക്കിവിടാനുള്ള മാര്‍ഗമായി പുത്തനാര്‍ മാറി. മലിനജലം ഒഴുക്കി വിടുന്നതിന് പുറമേ മാലിന്യ നിക്ഷേപത്തിലേക്ക് കൂടി തിരിഞ്ഞതോടെ ഒഴുക്ക് നിലച്ച് മാലിന്യക്കൂമ്പാരമായി പുത്തനാര്‍ മാറി. പുത്തനാറില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും ആളുകള്‍ ഇറങ്ങാന്‍ മടിക്കുന്ന അവസ്ഥയാണ്. പുരാവസ്തു വകുപ്പിന്‍െറ ആസ്ഥാന കാര്യാലയത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ബോട്ടുപുരയെ ശ്രദ്ധിക്കാന്‍ വകുപ്പ് മേധാവികളും താല്‍പര്യം കാണിക്കാറില്ല. ബോട്ട്പുരയെ ബയോഡൈവേഴ്സിറ്റി പാര്‍ക്കാക്കി മാറ്റാന്‍ ടൂറിസം വകുപ്പ് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിന് 30 വര്‍ഷത്തേക്ക് ബോട്ടുപുരയും പരിസരവും ലീസിന് നല്‍കിയെങ്കിലും പാര്‍ക്കും പ്രഖ്യാപനത്തില്‍ ഒതുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.