റെയില്‍വേ ജീവനക്കാരിയെ ദേഹോപദ്രവം ഏല്‍പിച്ച് മാല കവര്‍ന്നു

ആറ്റിങ്ങല്‍: റെയില്‍വേ ജീവനക്കാരിയെ ഡ്യൂട്ടിക്കിടെ ദേഹോപദ്രവം ഏല്‍പിച്ച് മാല കവര്‍ന്നു. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന്‍ സിഗ്നല്‍വിഭാഗം ജീവനക്കാരിയാണ് അക്രമത്തിനിരയായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗുഡ്സ് ട്രെയിന്‍ ഈസമയം കടന്നുവന്നിരുന്നു. ട്രെയിനിന് സിഗ്നല്‍ നല്‍കാന്‍ ജീവനക്കാരി മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക് വന്നു. സിഗ്നല്‍ നല്‍കി ട്രെയിന്‍ കടന്ന് പോകവെ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി ഓടിവന്ന് ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിച്ചു. അടിയേറ്റ് വീണ ജീവനക്കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ട്രെയിന്‍ കടന്നുപോയശേഷമാണ് ഇവരുടെ നിലവിളി സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ കേട്ടത്. ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും സ്വര്‍ണമാലയും പിടിച്ചുപറിച്ച് പ്രതി ഓടിമറഞ്ഞു. ഒരു പവന്‍ വരുന്നതാണ് താലി ഉള്‍പ്പെടുന്ന മാല. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തത്തെി അക്രമത്തിനിരയായ ജീവനക്കാരിയെ പൊലീസ് വാഹനത്തില്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചു. കടയ്ക്കാവൂര്‍ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അന്വേഷണം ആരംഭിച്ചു. പൊലീസ് നായയുടെ സഹായത്തോടെ തെളിവെടുപ്പ് നടത്തുകയും ചെയ്തു. അക്രമത്തിനിരയായ യുവതിയെ പേട്ടയിലെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരത്തേയും നിരവധി അക്രമങ്ങളും പിടിച്ചുപറിയും ഉണ്ടായിട്ടുണ്ട്. പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചെങ്കിലും പൊലീസുകാര്‍ ഇവിടെ ഡ്യൂട്ടിക്ക് എത്താറില്ളെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.