50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കും

തിരുവനന്തപുരം: നഗരത്തില്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധത്തിന് വെള്ളിയാഴ്ച മുതല്‍ കോര്‍പറേഷന്‍ നടപടി തുടങ്ങും. 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധമാണ് ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നുമുതല്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കര്‍ശന നടപടികളിലേക്ക് പോകുന്നത് നാളെ മുതലാവും. നിരോധം അട്ടിമറിക്കാന്‍ തട്ടുകടക്കാര്‍ മുതല്‍ വന്‍കിട കച്ചവടക്കാര്‍ വരെ രംഗത്തത്തെിയിട്ടുണ്ട്. കൈവശമുള്ള പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ തീരുന്നതുവരെയെങ്കിലും നടപടി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. മാസങ്ങളോളം സമയം നല്‍കിയിട്ടും സഹകരിക്കാന്‍ തയാറാകാത്ത വ്യാപാരികള്‍ക്ക് ഇനി ഇളവ് നല്‍കാന്‍ കഴിയില്ളെന്നാണ് കോര്‍പറേഷന്‍ നിലപാട്. വ്യാപാരികള്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടികളും പ്ളാസ്റ്റിക് നിരോധത്തിന് എതിര് നില്‍ക്കുന്നുണ്ട്. ഫ്ളക്സ് നിരോധത്തെയാണ് ഇവര്‍ എതിര്‍ക്കുന്നത്. നിരോധത്തിന്‍െറ ആദ്യഘട്ടത്തില്‍ ഫ്ളക്സിന്‍െറ കാര്യത്തില്‍ കടുംപിടിത്തം വേണ്ടെന്ന തീരുമാനത്തിലാണ് കോര്‍പറേഷന്‍. രണ്ട് തരത്തിലുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍. പ്ളാസ്റ്റിക് നിര്‍മാര്‍ജനം നടപ്പാക്കിയ കന്യാകുമാരി ജില്ലയെയാണ് മാതൃകയാക്കുന്നത്. ഇവ വില്‍പന നടത്തുന്ന കടകളിലും ഡിസ്പോസബ്ള്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കല്യാണമണ്ഡപങ്ങളിലും പരിശോധന നടത്തും. പിടികൂടിയാല്‍ 500 രൂപ മുതല്‍ മുകളിലേക്ക് പിഴ ഈടാക്കും. പിടിച്ചെടുക്കുന്ന പ്ളാസ്റ്റിക്കിന്‍െറ അളവനുസരിച്ചാണ് പിഴ തീരുമാനിക്കുക. സ്കൂളുകളിലും കോളജുകളിലും ബോധവത്കരണം സംഘടിപ്പിക്കും. 25 ഹെല്‍ത്ത് സര്‍ക്കിളില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് പിടിച്ചെടുക്കാന്‍ നിയോഗിക്കുന്നത്. കടകളില്‍ ഇവര്‍ക്ക് പരിശോധിക്കുന്നതിനുള്ള അനുമതിയുണ്ട്. 50 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കോര്‍പറേഷന്‍െറ ഹോളോഗ്രാം പതിക്കണമെന്ന് നിര്‍ദേശംനല്‍കിയിട്ടുണ്ട്. ഹോളോഗ്രാം നിര്‍മിക്കുന്നതിനുള്ള ചുമതല സി-ഡിറ്റിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. നിലവിലുള്ള സംവിധാനം മാറ്റി മുദ്ര പതിപ്പിക്കുന്നത് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. വ്യാപാരികള്‍ നഗരസഭ ഓഫിസിലത്തെി ഹോളോഗ്രാം വാങ്ങണം. ഹോളോഗ്രാം പതിക്കുന്ന പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ 50 മൈക്രോണിന് താഴെയുള്ളതാണോയെന്ന് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുമ്പോഴും ബദല്‍മാര്‍ഗം നിര്‍ദേശിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചാല്‍ അവയുടെ സ്ഥാനത്ത് ഉപയോഗിക്കേണ്ടത് ദോഷകരമല്ലാത്ത മറ്റ് ഉല്‍പന്നങ്ങളും പേപ്പര്‍ ബാഗുകളും ഇലകളും ആണെന്ന് പറയുന്നുണ്ടെങ്കിലും ഇവ ആവശ്യത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മുന്‍ ഭരണസമിതി പ്ളാസ്റ്റിക് നിരോധവുമായി മുന്നോട്ടുവന്നെങ്കിലും അത് ഫലപ്രദമായില്ല. 40 മൈക്രോണില്‍ താഴെയുള്ള ഉല്‍പന്നങ്ങളാണ് അന്ന് നിരോധിച്ചത്. രണ്ടുമാസംകൊണ്ടുതന്നെ നിരോധം അട്ടിമറിക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.