മലയാളം വേണ്ടെന്നുപറഞ്ഞ സംഘാടകര്‍ക്കിട്ട് ‘കൊട്ടി’ മുഖ്യമന്ത്രിയുടെ ഇംഗ്ളീഷ് പ്രസംഗം

തിരുവനന്തപുരം: സംഘാടകര്‍ മലയാളപ്രസംഗം വേണ്ടെന്ന് അറിയിച്ചതിനെതുടര്‍ന്ന് ഇംഗ്ളീഷില്‍ പ്രസംഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച ഗവ.എന്‍ജിനീയറിങ് കോളജില്‍ നടന്ന സ്റ്റാര്‍ട്ട്അപ് വില്ളേജിന്‍െറ രണ്ടാംഘട്ട ഉദ്ഘാടനവേദിയിലാണ് സംഘാടകര്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഇംഗ്ളീഷ് പറയിപ്പിച്ചത്. ഇതിന്‍െറ ചെറിയൊരു പരിഭവം മുഖ്യമന്ത്രി ഹാസ്യരൂപേണ സദസ്യരോട് പങ്കുവെക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രിയെ സംസാരിക്കാന്‍ ക്ഷണിക്കാതെ സ്റ്റാര്‍ട്ട്അപ് വില്ളേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ സ്റ്റാര്‍ട്ട്അപ് വില്ളേജ് ചീഫ് മെന്‍റര്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ദേശീയ ശാസ്ത്ര-സാങ്കേതിക സംരംഭക വികസന ബോര്‍ഡ് മേധാവി ഡോ.എച്ച്.കെ. മിത്തല്‍, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, ഫ്രെഷ്ഡെസ്ക് സ്ഥാപകന്‍ ഗിരീഷ് മാതൃബൂതം, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ ഐസക് എന്നിവരെ സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇവരെല്ലാം ഇംഗ്ളീഷിലാണ് പ്രസംഗിച്ചത്. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഊഴം. സദസ്സിനെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് തുടങ്ങിയ മുഖ്യമന്ത്രി തുടര്‍ന്ന് തനിക്ക് പറ്റിയ പറ്റ് സദസ്യരോട് വിവരിക്കുകയായിരുന്നു. ‘എന്നോട് മലയാളത്തില്‍ പ്രസംഗിക്കരുത് എന്നാണ് സംഘാടകര്‍ പറഞ്ഞിരിക്കുന്നത്. കാരണം അന്വേഷിച്ചപ്പോള്‍ ഇവിടെ വരുന്നവര്‍ക്ക് മലയാളം അറിയില്ളെന്നാണ് പറഞ്ഞത്. പക്ഷേ, എനിക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. പിന്നെ പറഞ്ഞത് പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങളടക്കം വരുമെന്നാണ്. പക്ഷേ, ഇവിടെ അങ്ങനെയാരെയും കണ്ടതുമില്ല.ഇവിടെ ഇരിക്കുന്നവരൊക്കെ മലയാളം നന്നായി മനസ്സിലാകുന്നവരാണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, സംഘാടകര്‍ പറഞ്ഞതുകൊണ്ട് ഒരു ഇംഗ്ളീഷ് പ്രസംഗം എഴുതിക്കൊണ്ട് വന്നിട്ടുണ്ട്. അത് ഞാന്‍ വായിക്കാം’. മുഖ്യമന്ത്രിയുടെ കമന്‍റിനെ സദസ്യര്‍ കൈയടിയോടെയാണ് എതിരേറ്റത്. തുടര്‍ന്ന് മുഖ്യമന്ത്രി എഴുതിതയാറാക്കിയ കുറിപ്പ് വായിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.