പൊലീസിനുനേരെ ആക്രമണം: നടപടി വൈകിപ്പിക്കാന്‍ ഉന്നതതല നിര്‍ദേശം

കഴക്കൂട്ടം: പൊലീസിന് നേരെ നടന്ന ആക്രമണം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ശ്രമം. നിയമസഭ നടക്കുന്നതിനാല്‍ നടപടി വൈകിപ്പിക്കാനാണത്രെ നിര്‍ദേശം. കരിച്ചാറയില്‍ ജൂലൈ ആറിനാണ് സംഭവം നടന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിടികൂടാനത്തെിയ മംഗലപുരം എസ്.ഐയെയും സംഘത്തെയും ഒരു സംഘം തടയുകയും ജീപ്പില്‍ കയറ്റിയയാളെ പിടിച്ചിറക്കുകയും മര്‍ദിച്ച് ഒരു കിലോമീറ്ററോളം നടത്തുകയും ചെയ്തിരുന്നു. ഉത്തരേന്ത്യന്‍ ജില്ലകളില്‍ മാത്രം കേട്ടുകേള്‍വിയുള്ള സംഭവം അരങ്ങേറി മിനിറ്റുകള്‍ക്കകംതന്നെ പ്രമുഖ ഘടകകക്ഷി എം.എല്‍.എ പ്രതികള്‍ക്കു വേണ്ടി ഇടപെട്ടത് വിവാദമായിരുന്നു. മയക്കുമരുന്നു ഉപഭോക്താക്കളുടെ ഒരു സംഘം അക്രമം അഴിച്ചുവിട്ടത് കേരള പൊലീസിനുതന്നെ അപമാനമായിരിക്കുകയാണ്. പലര്‍ക്കും ഭരണകക്ഷി പാര്‍ട്ടിയുമായുള്ള ബന്ധം പ്രതികളെ പിടികൂടുന്നതിന് വിഘാതം സൃഷ്ടിക്കുന്നുണ്ടത്രെ. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, സംഭവം ഒതുക്കി തീര്‍ക്കുന്നതിനായും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുമായും ഉന്നത ഇടപെടല്‍ നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിരവധി കേസുകളില്‍ പെട്ടയാളുടെ നേതൃത്വത്തിലാണ് പതിനഞ്ചോളം വരുന്ന സംഘം പൊലീസിനെ മര്‍ദിച്ചത്. 2015 ജൂണില്‍ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പിന്‍െറ താക്കോല്‍ കവര്‍ന്ന സംഭവത്തിലും സമാന നിലപാട് സ്വീകരിച്ചത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. അതും നിയമസഭ നടക്കുന്ന അവസരത്തിലായിരുന്നു. വൈ.എം ജങ്ഷനില്‍വെച്ച് പൊലീസിനെ ആക്രമിച്ചതും ജീപ്പു തകര്‍ത്തതുമാണ് രണ്ടാമത്തെ സംഭവം. മുല്ലശ്ശേരിയില്‍ വെച്ചും പൊലീസിനെ ആക്രമിച്ചിരുന്നു. ഒരുവര്‍ഷത്തിനിടെ മംഗലപുരം സ്റ്റേഷനില്‍ പൊലീസുകാര്‍ക്ക് നേരെ അരങ്ങേറിയ നാലാമത്തെ ആക്രമണമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.