‘സിങ്ക’ക്കെണിയിലും കുടുങ്ങാതെ മയക്കുമരുന്ന് സംഘങ്ങള്‍

ശംഖുംമുഖം: തീരദേശം മയക്കുമരുന്ന് സംഘങ്ങളുടെ താവളമാകുന്നു. തലസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരില്‍ അധികവും മയക്കുമരുന്നിന് അടിമകളെന്ന് പൊലീസ്. പുതിയ എക്സൈസ് കമീഷണറുടെ ‘സിങ്കം സ്റ്റൈലും’ തീരദേശത്തെ ബാധിച്ച മട്ടില്ല. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വരെ മയക്കുമരുന്ന് മാഫിയകളുടെ സജീവകണ്ണികളായി മാറുകയാണ്. ബീമാപള്ളിക്ക് പിറകുവശം, മുട്ടത്തറ, വലിയതുറ പാലത്തിനുസമീപം കൊച്ചുവേളി വ്യവസായിക മേഖലയില്‍ അടഞ്ഞുകിടക്കുന്ന ഗോഡൗണ്‍ എന്നിവിടങ്ങളാണ് നഗരത്തിലെ മയക്കുമരുന്ന് മാഫിയകളുടെ പ്രധാന താവളം. കോളജ് വിദ്യാര്‍ഥികളും ടെക്കികളും മയക്കുമരുന്ന് ഉപയോഗിക്കാന്‍ സ്ഥിരമായി ഈ കേന്ദ്രങ്ങളിലത്തെുന്നതായാണ് വിവരങ്ങള്‍. ഇത്തരം മയക്കുമരുന്ന് കേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം പലതവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സര്‍ക്കാറിന്‍െറ കീഴില്‍ കൊച്ചുവേളി വ്യവസായികമേഖലയില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഗോഡൗണ്‍ കേന്ദ്രമാക്കിയാണ് മാഫിയകള്‍ വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. സമീപ പ്രദേശത്ത് ആള്‍ താമസമില്ലാത്തതിനാല്‍ ഇവിടേക്ക് ആള്‍ക്കാര്‍ വരുന്നതും പോകുന്നതും ശ്രദ്ധിക്കപ്പെടില്ളെന്നതും സഹായമാകുന്നു. ഇതിനുപുറമെ മുട്ടത്തറ, പെരുനെല്ലി, വടുവം, ബീമാപള്ളിക്ക് പിറകുവശം തുടങ്ങിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വില്‍പനയും ഉപയോഗവും വ്യാപകമാണ്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ പ്രാദേശിക പിന്തുണയുള്ളതിനാല്‍ പൊലീസും എക്സൈസും നടപടിയെടുക്കാന്‍ മടിക്കുകയാണ്. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്തെ മയക്കുമരുന്ന് സംഘങ്ങളെയും അനധികൃത മദ്യവില്‍പനക്കാരെയും വിറപ്പിക്കുന്നതിനിടെയാണ് തലസ്ഥാന നഗരത്തില്‍ എക്സൈസ് ആസ്ഥാനത്തിനുമൂക്കിന് താഴെ മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം. ഇവ വില്‍പന നടത്തുന്ന സംഘങ്ങളില്‍ സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ തലസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി പിടികൂടിയ കഞ്ചാവ് സംഘങ്ങള്‍ അധികവും തീരദേശത്ത് നിന്നുള്ളവരാണ്. പിടിക്കപ്പെടുന്ന ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് ഉറവിടം കണ്ടത്തൊന്‍ പൊലീസും എക്സൈസും ശ്രമിക്കുന്നില്ളെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.