വര്‍ക്കല: വര്‍ക്കല തുരങ്കം അനാഥമായിട്ട് പതിറ്റാണ്ടുകള്‍. ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്നതിന് നൂറ്റാണ്ടു മുമ്പ് നിര്‍മിച്ച തുരങ്കത്തില്‍ ഓളങ്ങള്‍ നിലച്ചിട്ടും അധികൃതര്‍ക്ക് അവഗണന. വര്‍ക്കല ടി.എസ് കനാലിനെയും തുരങ്കങ്ങളുടെയും ശാപമോക്ഷത്തിനായി വാഗ്ദാനങ്ങളും ഉന്നതതല സന്ദര്‍ശനങ്ങളും നിരവധി ഉണ്ടായിട്ടും തുടര്‍നടപടികള്‍ ഇനിയും അകലെ. 2007 ഒക്ടോബര്‍ 19ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും സംഘവും നടത്തിയ സന്ദര്‍ശനമായിരുന്നു ഒടുവിലത്തേത്. വര്‍ക്കല വലിയ തുരങ്കത്തിലൂടെ മുഖ്യമന്ത്രിയും സംഘവും ഒന്നര കി.മീ ദൂരം സഞ്ചരിക്കുകയും ചെയ്തു. ദേശീയജലപാത നവീകരണത്തിന്‍െറ ഭഗമായായിരുന്നു സന്ദര്‍ശനം. കനാലിന്‍െറയും തുരങ്കങ്ങളുടെയും നവീകരണം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനവും ഉണ്ടായി. എട്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പദ്ധതി കടലാസില്‍തന്നെയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൃത്തിയാക്കിയ കനാലും തുരങ്കവും വീണ്ടും നാശോന്മുഖമായി. തിരുവനന്തപുരം പാര്‍വതീപുത്തനാര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള ടി.എസ് കനാലിന്‍െറ ഭാഗമായ നടയറ-അഞ്ചുതെങ്ങ് കായലുകളെ ബന്ധിപ്പിക്കുന്ന 12 കി.മീ വരുന്ന കനാലിന്‍െറ ഭാഗത്താണ് വര്‍ക്കല തുരങ്കങ്ങളുള്ളത്. ശിവഗിരിക്കുന്ന് തുരന്ന് വലിയ തുരപ്പും വെട്ടൂര്‍കുന്ന് തുരന്ന് ചെറിയ തുരപ്പും നിര്‍മിച്ചു. 1880ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്‍െറ കാലത്താണ് 10 ലക്ഷം രൂപ ചെലവിട്ട് തുരങ്കങ്ങള്‍ നിര്‍മിച്ചത്. ബ്രട്ടീഷ് മേല്‍നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത എന്‍ജിനീയര്‍മാരുടെ പ്രത്യേകതരം കോണ്‍ക്രീറ്റ് മിശ്രിതമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 722 മീറ്റര്‍ നീളവും 4.8 മീറ്റര്‍ വീതിയുമുള്ള തുരങ്കത്തിനുള്ളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. തുരങ്കത്തിന്‍െറ പ്രധാനമുഖം ശിവഗിരിയിലാണ്. കുതിരക്കുളമ്പിന്‍െറ ആകൃതിയാണ് ഇതിനുള്ളത്. മറുഭാഗം രാമന്തളിയിലാണ്. അടുത്തത് ചിലക്കൂരിലും. തുരങ്കത്തിനകത്ത് വൈദ്യുതി വിളക്കുകളും വായു സഞ്ചാരമത്തൊന്‍ വെന്‍റിലേറ്ററുകളുമുണ്ട്. തുരങ്കത്തിനുള്ളില്‍ പ്രവേശിക്കുന്ന വള്ളങ്ങള്‍ക്ക് തുഴ ഉപയോഗിക്കാന്‍ പ്രയാസമുള്ളതിനാല്‍ വള്ളം മുന്നോട്ട് നീങ്ങാന്‍ പ്രത്യേക സംവിധാനങ്ങളും ഉണ്ടായിരുന്നു. ആദ്യകാലത്ത് രാജകീയ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന തുരങ്കം പിന്നീട് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയായിരുന്നു. 1970കളുടെ അവസാനം വരെയും തുരങ്കങ്ങളും കനാലും സജീവമായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ വരവും റോഡ്-റെയില്‍ ഗതാഗതം വികസിക്കുകയും ചെയ്തതോടെ തുരങ്കത്തിന്‍െറയും കനാലിന്‍െറയും ശോച്യാവസ്ഥക്ക് കാരണമായി. അധികൃതരുടെ കടുത്ത അവഗണന കൂടിയായപ്പോള്‍ കനാലും തുരങ്കങ്ങളും കാടുമൂടിയും എക്കലും മാലിന്യവും നിറഞ്ഞ് നശിച്ചു. 2007ല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനൊപ്പം എത്തിയ വിദഗ്ധ സംഘവും തുരങ്കത്തിനുള്ളില്‍ കടന്നിരുന്നു. അവര്‍ തുരങ്കത്തിന്‍െറ നിര്‍മാണ വൈദഗ്ധ്യത്തില്‍ ഏറെ മതിപ്പും പ്രകടിപ്പിച്ചു. തുടര്‍ന്ന് തുരങ്കത്തിന്‍െറ പുനര്‍നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ നല്‍കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രഖ്യാപനങ്ങള്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും തുരങ്കം നവീകരണം പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. നിലവില്‍ ദേശീയജലപാത വര്‍ക്കല തുരങ്കം കടക്കാനാകാതെ കുഴങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.