സ്വപ്നപാതയില്‍ പ്രതീക്ഷയര്‍പ്പിച്ച് മലനാട്

പാലോട്: മലനാടിന്‍െറ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാകുന്നു. പാലോട്-ബ്രൈമൂര്‍-പൊന്മുടി റോഡിന് ഇടതുസര്‍ക്കാറിന്‍െറ കന്നി ബജറ്റിലാണ് 30 കോടി വകയിരുത്തിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിന്‍െറ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് നാട്ടുകാര്‍. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയാണ് പൊന്മുടി. പെരിങ്ങമ്മല പഞ്ചായത്തില്‍ ഉള്‍പ്പെട്ട ടൂറിസം കേന്ദ്രത്തിലേക്ക് റോഡ് ഗതാഗതം സമീപ പഞ്ചായത്തായ വിതുര വഴിയേയുള്ളൂ. പാലോട്-ബ്രൈമൂര്‍-പൊന്മുടി റോഡ് യാഥാര്‍ഥ്യമാകുന്നതോടെ പെരിങ്ങമ്മല പഞ്ചായത്തില്‍നിന്ന് നേരിട്ട് പൊന്മുടിയിലേക്കത്തൊനാകും. പാലോട്-ബ്രൈമൂര്‍ റോഡിന് 20 കോടിയും ബ്രൈമൂര്‍-പൊന്മുടി റോഡിന് 10 കോടിയുമാണ് വകയിരിത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ജില്ലയിലെ ഏക പക്ഷിസങ്കേതമായ അരിപ്പ, മങ്കയം ഇക്കോ ടൂറിസം, കാളക്കയം, കുരിശടി വെള്ളച്ചാട്ടം, വരയാടുമൊട്ട എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും പെരിങ്ങമ്മല പഞ്ചായത്തിലാണ്. റോഡ് പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഇക്കോ ടൂറിസം രംഗത്തും കുതിച്ചുചാട്ടമുണ്ടാകും. സമീപ പഞ്ചായത്തായ നന്ദിയോട് മീന്‍മുട്ടിയിലെ ഹൈഡല്‍ ടൂറിസത്തെയും കണ്ണിചേര്‍ക്കാനുമാകും. ഇതു കൂടാതെ, നിര്‍മാണത്തിലിരിക്കുന്ന ചെല്ലഞ്ചി പാലം തുറക്കുന്നതും മലയോര-തീരദേശ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. പൊന്മുടിയിലേക്ക് റോപ് വേ നിര്‍മിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനുമായി 200 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയായും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റിലൂടെ മലയോരനാടിന് നല്‍കിയ സമ്മാനമാണ് പാലോട്-ബ്രൈമൂര്‍-പൊന്മുടി പാതവികസനവും പൊന്മുടിയിലേക്കുള്ള റോപ് വേയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.