പാപ്പനംകോട് ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായി

തിരുവനന്തപുരം: ഒന്നാംഘട്ട പ്രചാരണം അവസാനഘട്ടത്തിലത്തെിയിരിക്കെ പാപ്പനംകോട് ഉപതെരഞ്ഞെടുപ്പിന്‍െറ വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മുന്നണികള്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥി അരുണ്‍ വിഷ്ണു, സി.ഐ.ടി.യു അംഗം കെ. മോഹനന്‍, മുന്‍ കൗണ്‍സിലര്‍ കെ. ചന്ദ്രന്‍െറ സഹോദരീപുത്രി ആശാനാഥ് എന്നിവരാണ് യഥാക്രമം യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് വേണ്ടി മത്സരരംഗത്തുള്ളത്. ഏറെക്കാലമായി സി.പി.എമ്മിന്‍െറ കൈവശമായിരുന്ന വാര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും പിന്തള്ളി വാര്‍ഡ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പുതുമുഖത്തെ രംഗത്തിറക്കിയിരിക്കുന്നത്. യുവാവെന്ന പരിഗണനയും ഉന്നത വിദ്യാഭ്യാസത്തിന്‍െറ പിന്‍ബലവും അരുണ്‍ വിഷ്ണുവിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണിത്. കരുമം ഇടഗ്രാമം വിഷ്ണുഭവനില്‍ തെങ്ങുകയറ്റത്തൊഴിലാളി ചന്ദ്രന്‍െറയും കുമാരിയുടെയും മകനാണ് കെ.എസ്.യുവിന്‍െറ സജീവ പ്രവര്‍ത്തകനായ അരുണ്‍ വിഷ്ണു. അതേസമയം, സി.ഐ.ടി.യു തൊഴിലാളിയെന്ന കെ. മോഹനന്‍െറ ജനസ്വാധീനം വോട്ടാക്കിമാറ്റാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. കഴിഞ്ഞതവണ കൈവിട്ട വാര്‍ഡ് തിരികെ നേടുകയെന്ന ദൗത്യമാണ് മോഹനനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പട്ടികജാതി ജനറല്‍ വാര്‍ഡായ പാപ്പനംകോട്ട് വനിതയെ മത്സരിപ്പിക്കുന്നത് ജയത്തില്‍ കുറഞ്ഞൊന്നും ബി.ജെ.പി ചിന്തിക്കുന്നില്ല എന്നതിന് തെളിവാണ്. കുറഞ്ഞ കാലയളവുകൊണ്ട് ചന്ദ്രന്‍ നേടിയെടുത്ത ജനപിന്തുണയാണ് ഇതിന് പ്രചോദനമാകുന്നത്. നാമനിര്‍ദേശപത്രിക സമര്‍പിക്കാനുള്ള അവസാന തീയതി 11 ആണ്. സൂക്ഷ്മ പരിശോധന 12ന്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് അവസാന തീയതി 14 ആണ്. 28 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ടെടുപ്പും അടുത്തദിവസം രാവിലെ എട്ടു മുതല്‍ വോട്ടെണ്ണലും നടക്കും. പുതിയ കൗണ്‍സില്‍ നിലവില്‍ വന്നശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പാപ്പനംകോട്ടേത്. സി.പി.എം കൗണ്‍സിലറായിരുന്ന മൂന്നാംമൂട് വിക്രമന്‍െറ നിര്യാണത്തെതുടര്‍ന്ന് വാഴോട്ടുകോണം വാര്‍ഡില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച വിക്രമന്‍െറ ഭാര്യ ഹെലന്‍ വിജയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.