വിഴിഞ്ഞം: അനധികൃത ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ പെരുകുന്നു. ക്യാമ്പുകളില്‍ പലതും ലഹരിയുടെ പിടിയിലാണ്. പ്രദേശത്ത് ആയിരത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ പൊലീസിന്‍െറ പക്കല്‍ ഇരുനൂറില്‍ തഴെയുള്ളവരുടെ വിവരങ്ങള്‍ മാത്രമേയുള്ളൂ. വിഴിഞ്ഞം, ഉച്ചക്കട മേഖലകളിലാണ് കൂടുതലായും ഇവര്‍ താമസിക്കുന്നത്. തൊഴിലാളികള്‍ക്ക് വാടകക്ക് നല്‍കാന്‍ വേണ്ടി മാത്രം നിരവധി കെട്ടിടങ്ങള്‍ അടുത്തിടെ ഉയര്‍ന്നു. ഇതില്‍ കൂടുതലും അനധികൃത നിര്‍മാണത്തില്‍പെടുന്നവയാണ്. താമസിക്കുന്നവരുടെ വ്യക്തമായ വിവരങ്ങള്‍ കെട്ടിട ഉടമയുടെ കൈവശവും ഇല്ല. പത്തു രൂപ മുതല്‍ ദിവസ വാടകക്ക് മുറികള്‍ ലഭിക്കുന്നിടങ്ങളുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വാസസ്ഥലങ്ങള്‍ മാറിനടക്കാനും ഇത് സഹായകമാകുന്നു. പെട്ടെന്ന് ശ്രദ്ധ എത്താത്ത ഉള്‍പ്രദേശങ്ങളിലാണ് മിക്ക ക്യാമ്പുകളും. വെസ്റ്റ് ബംഗാള്‍, അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് കൂടുതലും. പൊലീസ് പരിശോധനയുടെ അഭാവമാണ് ക്യാമ്പുകള്‍ പലതും ലഹരിയുടെ പിടിയിലാകാന്‍ കാരണം. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ മാത്രമേ ഇവിടങ്ങളില്‍ പരിശോധന നടക്കാറുള്ളൂ. കോവളത്ത് നിരവധി സാമൂഹികവിരുദ്ധ പ്രശ്നങ്ങള്‍ക്കും ഇവരില്‍ ചിലര്‍ കാരണമാകുന്നുണ്ട്. എന്നാല്‍ അടിക്കടി പൊലീസ് ഇടപെട്ട് ക്യാമ്പുകള്‍ പരിശോധിക്കുക, അക്ഷയ കേന്ദ്രങ്ങള്‍ വഴി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.