വള്ളക്കടവ്: പെരുന്നാള്‍ അടുത്തതോടെ തലസ്ഥാനത്ത് മാംസ വിപണിയില്‍ വില കുതിക്കുന്നു. കോഴി വിലയാണ് ഏറ്റവും അധികം ഉയര്‍ന്നിരിക്കുന്നത്. ഒരു കിലോ കോഴിക്ക് തലസ്ഥാനത്തെ വിവിധ മാര്‍ക്കററുകളില്‍ ഈടാക്കുന്നത് 142രൂപ മുതല്‍145 രൂപവരെയാണ്. തമിഴ്നാട്ടിലെ ഫാമുകളില്‍ കോഴിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണമെന്ന് കോഴി വ്യാപാരികള്‍ പറയുന്നു. ഇനിയും വിലകൂടാനുള്ള സാധ്യതയുണ്ടെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. എന്നാല്‍ ഡ്രസ് ചെയ്ത ഒരു കിലോ കോഴിയിറച്ചിക്ക് കെപ്കോയില്‍ 175 രൂപയാണ് വില. കെപ്കോയുടെ തന്നെ ഇന്‍റഗ്രേഷന്‍ ഫാമുകളില്‍ ഇറച്ചിക്കോഴികളെ ശാസ്ത്രീയമായി വളര്‍ത്തിയെടുത്ത് പ്രോസസിങ് പ്ളാന്‍റില്‍ സംസ്കരിച്ച് എടുക്കുന്ന ഇറച്ചിയാണ് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് തമിഴ്നാട്ടില്‍നിന്നുള്ള കോഴിഉല്‍പാദനം കൂടുകയും കേരളത്തിലെ പൊതുവിപണിയില്‍ വില കുറയുകയും ചെയ്ത സാഹചര്യം കണക്കിലാക്കി തമിഴ്നാട്ടിലെ ബ്രോയിലര്‍ കോഓഡിനേഷന്‍ കമ്മിറ്റി ഇത്തവണ വില ഇടിവ് പിടിച്ചുനിര്‍ത്താന്‍ കോഴി ഉല്‍പാദനം കുറക്കാന്‍ നേരത്തേ തന്നെ കര്‍ഷകര്‍ക്കും ഫാമുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്താതെ മുട്ടകള്‍ പല ഫാമുകളും പൊട്ടിച്ചുകളയുകയായിരുന്നു. ഇതോടെ തമിഴ്നാട്ടില്‍ കോഴി ഉല്‍പാദനം കുറയുകയും തലസ്ഥാനത്തേക്കുള്ള കോഴിവരവ് കുത്തനെ കുറയുകയും ചെയ്തതോടെ വിലകുത്തനെ ഉയര്‍ന്നു. എന്നാല്‍ തലസ്ഥാനത്തെ കോഴിഫാമുകളില്‍ ആവശ്യത്തിന് കോഴി ഉല്‍പാദനം നടന്നെങ്കിലും വരവുകോഴിയുടെ വില കുറയാത്ത സാഹചര്യം മുതലാക്കി ഇവരും വില കൂട്ടി തന്നെ വില്‍ക്കുന്നു. അതിര്‍ത്തിപ്രദേശമായ കളിയിക്കാവിളയില്‍ കോഴിവില കിലോക്ക് 95രൂപ മുതല്‍ 100രൂപവരെയാണ്. അതിര്‍ത്തികടന്നത്തെുമ്പോള്‍ കിലോക്ക് 45 രൂപയാണ് ഒറ്റയടിക്ക് മാറുന്നത്. തലസ്ഥാനത്തെ മൊത്തവിതരണകേന്ദ്രത്തില്‍ കിലോ 123യാണ്. തമിഴ്നാട്ടിലെ ഹോള്‍സെയില്‍ വില 73 രൂപയാണ്. രണ്ടാഴ്ചക്കിടെ കിലോക്ക് 30ഓളം രൂപയുടെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവേളയിലായിരുന്നു ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ധന. എന്നാല്‍ കിലോഗ്രാമിന് 110ന് താഴെയായിരുന്നു വില. മുമ്പൊരിക്കലും കോഴിവിലയില്‍ ഇത്രയും വര്‍ധന ഉണ്ടായിട്ടില്ല. വിലക്കയറ്റം ഉണ്ടായിട്ടും നോമ്പുകാലമായതിനാലും ട്രോളിങ് കാലമായതിനാല്‍ മത്സ്യലഭ്യത കുറഞ്ഞതും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ എറുന്ന സാഹചര്യം ഉണ്ടാക്കി. അന്യസംസ്ഥാനങ്ങളില്‍നിന്നത്തെുന്ന ഉയര്‍ന്ന കോഴിവിലയില്‍ ഇടപെടാന്‍ തലസ്ഥാനത്തെ മൊത്തകച്ചവടക്കാരും തയാറാകാത്ത അവസ്ഥയാണ്. പെരുന്നാള്‍ ദിവസം അടുക്കുന്നതോടെ വിപണിയില്‍ വിലകൂടുന്നത് സാധാരണക്കാരുടെ നടുവൊടിക്കും. കോഴിവില വര്‍ധിച്ചത് ഹോട്ടലുകളെയും സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം വിഭവങ്ങളുടെ വില കൂട്ടാന്‍ കഴിയാത്ത സാഹചര്യം ഇവരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കോഴിയിറച്ചിക്കൊപ്പം അന്യസംസ്ഥാനത്തുനിന്നത്തെുന്ന മത്സ്യത്തിന്‍െറ വിലയും ഗണ്യമായി വര്‍ധിച്ചു. സാധാരണ വില കുറഞ്ഞ മത്തി, അയല എന്നിവക്കുവരെ ഒരാഴ്ചമുമ്പുള്ളതിനെക്കാള്‍ 50ശതമാനംവരെ വിലയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരന്‍െറ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന അവസ്ഥയിലാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് മാടുകളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണവും മറ്റും മാട്ടിറിച്ചി വിപണിയിലും പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. മാട്ടിറച്ചി 300 മുതല്‍ 320 രൂപക്കും പോത്തിറച്ചി 350 രൂപക്കും മട്ടണ്‍ 600 മുതല്‍ 650 രൂപക്കുമാണ് വില്‍പന. വരും ദിവസങ്ങളില്‍ ഇവയുടെ വിലയിലും വര്‍ധന ഉണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു. മാടുകള്‍ക്ക് വിലവര്‍ധന ഉണ്ടായില്ളെങ്കിലും പെരുന്നാള്‍ മറവില്‍ വില ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് കച്ചവടക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.